കൂട്ടായ്മയുടെ രുചിമേളവുമായി പൂത്തക്കാൽ സ്കൂൾ; ഉച്ചഭക്ഷണത്തിൽ കുഴിമന്തിയും ബിരിയാണിയും

Oct 27, 2026 - 16:22
 0
കൂട്ടായ്മയുടെ രുചിമേളവുമായി പൂത്തക്കാൽ സ്കൂൾ; ഉച്ചഭക്ഷണത്തിൽ കുഴിമന്തിയും ബിരിയാണിയും

മടിക്കൈ: പൊതുജന പങ്കാളിത്തത്തോടെ സ്കൂൾ ഉച്ചഭക്ഷണം രുചികരവും പോഷകസമൃദ്ധവും വൈവിധ്യപൂർണവുമാക്കുക എന്ന ലക്ഷ്യവുമായി മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് പൂത്തക്കാൽ ഗവ. യു.പി. സ്കൂൾ.

പൂർവവിദ്യാർഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവരെ ഉൾപ്പെടുത്തി കൂട്ടായ്മയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വരുന്ന മാർച്ച് മാസം വരെ ഓരോ മാസവും ഒരു ദിവസം പ്രത്യേക ഉച്ചഭക്ഷണം നൽകുന്നതിനായി സ്പോൺസർമാരെ കണ്ടെത്തി പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

അനഘ, മേഘ, കൃഷ്ണപ്രിയ എന്നീ പൂർവവിദ്യാർഥികളുടെ പിറന്നാൾ സമ്മാനമായാണ് ഇത്തവണ വിദ്യാർഥികൾക്ക് പ്രത്യേക ഉച്ചഭക്ഷണമായി കുഴിമന്തി നൽകിയത്. നിരളിയിലെ എൻ.പി. അശോകൻ, വിജയ അശോക് എന്നിവരാണ് ഇതിനുള്ള ചെലവ് വഹിച്ചത്.

പി.ടി.എ., എം.പി.ടി.എ., എസ്.എം.സി. എന്നിവയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ ഭക്ഷണവിതരണത്തിനുള്ള മുന്നൊരുക്കങ്ങളിൽ സജീവമായി പങ്കാളികളായി. എൻജിനീയർ കൂടിയായ ഷഫീഖ് റഹ്‌മാൻ നാരയും ഭാര്യ സുനീറ ഷഫീഖും പ്രതിഫലം വാങ്ങാതെയാണ് രുചികരമായ ഭക്ഷണം പാകം ചെയ്തത്.

പി.ടി.എ. പ്രസിഡന്റ് എം. സതീശൻ, എസ്.എം.സി. ചെയർമാൻ കെ. ജനാർദനൻ, എം.പി.ടി.എ. പ്രസിഡന്റ് സരിത തീയർപാലം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

പൊതുജന പങ്കാളിത്തത്തിലൂടെ കുട്ടികൾക്ക് വൈവിധ്യമാർന്നതും രുചികരവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനൊപ്പം സ്കൂളും സമൂഹവും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാനും ഈ കൂട്ടായ്മ സഹായകമാകുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow