ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലേക്ക് അന്ന റെജി; കോട്ടോടി സെന്റ് ആൻസ് സ്കൂളിൽ യാത്രയയപ്പ്

Oct 27, 2026 - 12:15
 0
ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലേക്ക് അന്ന റെജി; കോട്ടോടി സെന്റ് ആൻസ് സ്കൂളിൽ യാത്രയയപ്പ്

രാജപുരം: ഡൽഹിയിൽ നടക്കുന്ന 48-ാമത് ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന അന്ന റെജിക്ക് കോട്ടോടി സെന്റ് ആൻസ് സ്കൂളിന്റെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി. സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ് ഫാദർ സനീഷ് കയ്യാലക്കകത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മധുസൂദനൻ മങ്കത്തിൽ അധ്യക്ഷത വഹിച്ചു.

അന്താരാഷ്ട്ര കായികവേദിയിൽ രാജ്യത്തിന്റെയും നാടിന്റെയും സ്കൂളിന്റെയും അഭിമാനം ഉയർത്താൻ അന്നയ്ക്ക് സാധിക്കട്ടെയെന്ന് ചടങ്ങിൽ സംസാരിച്ചവർ ആശംസിച്ചു. കായികാധ്യാപിക ടെസിമോൾ ജേക്കബ്, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടോടി സെന്റ് ആൻസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ അന്ന, ഒടയഞ്ചാലിലെ റെജി ഫ്രാൻസിസ്–സോണിയ റെജി ദമ്പതികളുടെ മകളാണ്. മുൻ സംസ്ഥാന റഗ്ബി താരമായ അന്നയുടെ കായികമികവ് തിരിച്ചറിഞ്ഞ പരിശീലകൻ മനോജ് പള്ളിക്കരയാണ് താരത്തെ പഞ്ചഗുസ്തിയിലേക്ക് നയിച്ചതും പ്രത്യേക പരിശീലനം നൽകിയതും.

കഴിഞ്ഞ രണ്ടുവർഷമായി ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന അന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലും നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. കാസർകോട് ജില്ലാ ആം റസ്ലിങ് അസോസിയേഷന്റെ പൂർണ പിന്തുണയോടെയാണ് അന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് തിരിക്കുന്നത്. ലോകവേദിയിലും മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചുമിടുക്കിയും നാട്ടുകാരും.

What's Your Reaction?

like

dislike

love

funny

angry

sad

wow