കോളിച്ചാലിലെ മയക്കുമരുന്നു വേട്ട; എം ഡി എം എ കൊണ്ടുവന്നത് ബംഗ്ലൂരൂവിൽ നിന്ന്

Sep 30, 2026 - 22:46
 0
കോളിച്ചാലിലെ മയക്കുമരുന്നു വേട്ട; എം ഡി എം എ കൊണ്ടുവന്നത് ബംഗ്ലൂരൂവിൽ നിന്ന്

രാജപുരം: ബംഗളൂരുവിൽനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് കടത്തുകയായിരുന്ന 71 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ രാജപുരം പോലീസ് ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമിന്റെ സഹായത്തോടെ പിടികൂടി. കാസർകോട് ചേവാറിലെ എൻ.എസ്. മുഹമ്മദ് ശരീഫ് (38), പുത്തിഗെ എകെജി നഗറിലെ പി.കെ. അബ്ദുൽ റഷീദ് (38), ബംബ്രാണ പൊക്കട്ട ദണ്ഡഗോളിയിലെ മുഹമ്മദ് നാസർ (39) എന്നിവരാണ് പിടിയിലായത്.

പാണത്തൂർ സംസ്ഥാനപാതയിൽ കോളിച്ചാലിൽ വെച്ച് വൈകിട്ട് അഞ്ചുമണിയോടെയാണ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്ന് എംഡിഎംഎയും കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കോഴിക്കോട് ഭാഗത്തും എംഡിഎംഎ കൈമാറിയതായി വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ രാജപുരം പോലീസ് കോഴിക്കോട് പോലീസിന് വിവരം കൈമാറി. കോഴിക്കോട് നടത്തിയ പരിശോധനയിൽ പ്രതികൾ കൈമാറിയ 150 ഗ്രാം എംഡിഎംഎ കൂടി പിടികൂടിയതായി പോലീസ് അറിയിച്ചു.

ബംഗളൂരുവിൽനിന്ന് ജില്ലയിലെ സബ് ഏജന്റുമാർക്ക് കൈമാറുന്നതിനായാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് പോലീസ് പറയുന്നത്. പ്രതികൾ രഹസ്യകേന്ദ്രത്തിൽ വൻതോതിൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

വിദേശത്തുനിന്ന് മയക്കുമരുന്ന് കൊണ്ടുവന്നതാണോയെന്ന സംശയവും പോലീസിനുണ്ട്. നിരവധി ചെറിയ പാക്കറ്റുകളിലാക്കി ബാഗിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു പിടിച്ചെടുത്ത എംഡി എം എ. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow