ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പ്: കേരള ടീമിന്റെ ഗോൾകീപ്പറായി പനത്തടിയിലെ ശ്രേയ ഗൗരി

Oct 21, 2026 - 06:30
 0
ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പ്: കേരള ടീമിന്റെ ഗോൾകീപ്പറായി പനത്തടിയിലെ ശ്രേയ ഗൗരി

രാജപുരം: അസ്മിത കപ്പ് ജൂനിയർ ഗേൾസ് സൗത്ത് സോൺ ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിന്റെ ഗോൾകീപ്പറായി രാജപുരം ഹോളി ഫാമിലി സ്കൂളിൽനിന്ന് ഹോക്കി പരിശീലനം ആരംഭിച്ച ശ്രേയ ഗൗരി തിരഞ്ഞെടുക്കപ്പെട്ടു.

ഈ മാസം 14ന് നടന്ന ആദ്യഘട്ട ട്രയൽസിൽ തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾക്കായി കൊല്ലത്ത് നടന്ന അന്തിമ സെലക്ഷനിലാണ് ശ്രേയ ടീമിൽ ഇടം നേടിയത്. നിരവധി മത്സരങ്ങളിൽ ഗോൾകീപ്പറായി മികവ് തെളിയിച്ച ശ്രേയ നിലവിൽ ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ബി.എസ്‌സി. കെമിസ്ട്രി വിദ്യാർഥിനിയാണ്.

ഏഴിമല നാവിക അക്കാദമിയിലെ പരിശീലകരായ അമൽ ആന്റണി, ആഷിക് അമൽ എന്നിവരുടെ കീഴിലാണ് ശ്രേയ ഹോക്കി പരിശീലനം ആരംഭിച്ചത്. തുടർന്ന് മുൻ സൈനികനായ അനീഷ് കുമാറിന്റെ കീഴിലും പരിശീലനം നേടി. നിലവിൽ സ്പോർട്സ് കൗൺസിലിന്റെയും കോളേജിന്റെയും പരിശീലകനായ അർജുന്റെ കീഴിലാണ് പരിശീലനം തുടരുന്നത്.

പനത്തടിയിലെ പൊതുപ്രവർത്തകനും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ പാരാ ലീഗൽ വോളന്റിയറും ഖേലോ ഇന്ത്യ ദേശീയ ഹോക്കി താരവുമായ ശ്രീകാന്ത് പനത്തടിയുടെയും പനത്തടി, കള്ളാർ പഞ്ചായത്തുകളിൽ ഓവർസീയറായി സേവനമനുഷ്ഠിച്ച ശാന്തിയുടെയും മകളാണ് ശ്രേയ ഗൗരി.

ശ്രീനന്ദ് (സായി എസ്.ടി.സി. കൊല്ലം), ശ്രീനിധ്, ശ്രീതിക് (ഇരുവരും ഏക്ലവ്യ സി.ബി.എസ്.ഇ. സ്പോർട്സ് സ്കൂൾ) എന്നിവർ സഹോദരങ്ങളാണ്.

ഈ മാസം 27 മുതൽ അടുത്ത മാസം ഏഴുവരെ ആന്ധ്രാപ്രദേശിലാണ് ദേശീയ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. കേരള ടീമിന്റെ ഗോൾവല കാക്കാൻ ശ്രേയയ്ക്ക് ലഭിച്ച അവസരം നാടിനും കുടുംബത്തിനും അഭിമാനമായി.

What's Your Reaction?

like

dislike

love

funny

angry

sad

wow