അതിഞ്ഞാലിന്റെ വികസനത്തിനായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം
കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്തിലെ അതിഞ്ഞാൽ പ്രദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാർക്കും നിവേദനം സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഖാലിദ് അറബിക്കാടത്ത്, ജമാഅത്ത് ജനറൽ സെക്രട്ടറി കെ. എം. അഹമ്മദ് അഷറഫ് ഹന്ന, മുതിർന്ന മാധ്യമപ്രവർത്തകൻ ടി. മുഹമ്മദ് അസ്ലം എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
അതിഞ്ഞാലിൽ ഹയർ സെക്കൻഡറി സ്കൂൾ അനുവദിക്കുക, തെക്കേപ്പുറത്തെ ആയുഷ്മാൻ ആരോഗ്യ മന്ദിരം വിപുലീകരിച്ച് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഒരുക്കുക, ലിമിറ്റഡ് സ്റ്റോപ്പുകൾ ഉൾപ്പെടെ എല്ലാ കെ.എസ്.ആർ.ടി.സി. ബസുകൾക്കും അതിഞ്ഞാലിൽ സ്റ്റോപ്പ് അനുവദിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
കൂടാതെ, പൂത്താളിക്കുളം വിനോദസഞ്ചാര സൗഹൃദ കേന്ദ്രമായി നവീകരിച്ച് ഇരിപ്പിടം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, തെക്കേപ്പുറം അങ്കണവാടി പരിസരത്ത് ഓപ്പൺ ജിം സ്ഥാപിക്കുക, ചിത്താരി സെക്ഷനിലെ അപകടാവസ്ഥയിലുള്ള വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിക്കുക, ചിത്താരി വൈദ്യുതി ഓഫീസിൽ കൂടുതൽ ജീവനക്കാരെ നിയമിച്ച് സേവനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിവിധ വകുപ്പുകളുടെ മന്ത്രിമാർ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പുനൽകിയതായും ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് ആവശ്യമായ നിർദേശങ്ങൾ ഉടൻ നൽകുമെന്നും അറിയിച്ചതായി നിവേദനം സമർപ്പിച്ചവർ പറഞ്ഞു.
What's Your Reaction?