എക്സ്ചേഞ്ച് നിരക്കുകൾ പരിശോധിച്ച് കുവൈറ്റ് സെൻട്രൽ ബാങ്ക്.

Apr 26, 2025 - 21:27
Apr 26, 2025 - 21:32
 0
എക്സ്ചേഞ്ച് നിരക്കുകൾ പരിശോധിച്ച് കുവൈറ്റ് സെൻട്രൽ ബാങ്ക്.

കുവൈത്ത് സിറ്റി: വിദേശ വിനിമയ നിരക്കുകൾ നിശ്ചയിക്കുന്നതിനും, അന്താരാഷ്ട്ര വിപണന കൈമാറ്റങ്ങളിൽ കമ്മീഷനുകൾ കണക്കാക്കുന്നതിനുമുള്ള സംവിധാനങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നതിനായി കുവൈത്ത് സെൻട്രൽ ബാങ്ക് എക്സ്ചേഞ്ച് കമ്പനികളുടെ സമഗ്രമായ ഫീൽഡ് പരിശോധന ആരംഭിച്ചു. പ്രധാന വിദേശ കറൻസികൾക്കെതിരെ കുവൈത്ത് ദിനാറിന്റെ വിനിമയ നിരക്ക് നിർണയിക്കാൻ എക്സ്ചേഞ്ച് സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന രീതികളെക്കുറിച്ച് റെഗുലേറ്ററി അധികാരികൾ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഉപഭോക്തൃ ഇടപാടുകളുടെ സമയത്തെ ആവൃത്തിയും, തൽസമയ അപ്ഡേറ്റുകളും ഉൾപ്പെടെ കമ്മീഷൻ നിരക്കുകളും എക്സ്ചേഞ്ച് നിരക്കുകളും എല്ലാ കമ്പനി ശാഖകളിലും സ്റ്റാൻഡേർഡ് ചെയ്തിട്ടുണ്ടോ, അതോ സ്ഥലമനുസരിച്ച് വ്യത്യാസപ്പെടുന്നുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഉപഭോക്തൃ വിഭാഗങ്ങളെ അടിസ്ഥാനമാക്കിയോ ഇടപാട് തുകകളെ അടിസ്ഥാനമാക്കിയോ വിലനിർണയഘടനകൾ വ്യത്യാസപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും കൂടുതൽ വ്യക്തത തേടിയിട്ടുണ്ട്. കോമ്പറ്റീഷൻ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ അച്ചടക്കബോർഡ് ഏകദേശം 16 എക്സ്ചേഞ്ച് കമ്പനികൾക്ക് മുമ്പ് ചുമത്തിയ സാമ്പത്തിക പിഴകളും സെൻട്രൽ ബാങ്ക് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. 2020 മുതൽ 22 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ മൊത്തം വരുമാനത്തിന്റെ ഒരു ശതമാനം മുതൽ 5% വരെയുള്ള ഈ പിഴകൾ വിദേശ വിനിമയ നിരക്കുകൾ ഏകീകരിക്കുന്നതിനുള്ള ഗൂഢാലോചന, കുവൈത്തിന്റെ മത്സര നിയമങ്ങൾ ലംഘിക്കൽ എന്നീ ആരോപണങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. എക്സ്ചേഞ്ച് കമ്പനികൾ ഈ പിഴകൾക്കെതിരെ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. കോടതി വിധികൾ ഉണ്ടായിരുന്നിട്ടും സെൻട്രൽ ബാങ്ക് അന്വേഷണം തുടരുകയാണ്. വിനിമയ നിരക്കുകൾ നിശ്ചയിക്കുന്നതിനോ, ഉയർത്തുന്നതിനോ, കുറയ്ക്കുന്നതിനോ അനൗപചാരിക കരാറുകൾ ഉണ്ടാക്കിയിട്ടില്ലെന്ന് ഉറപ്പാക്കാൻ എക്സ്ചേഞ്ച് കമ്പനികളും, കോമ്പറ്റീഷൻ പ്രൊട്ടക്ഷൻ അതോറിറ്റിയും തമ്മിലുള്ള എല്ലാ പ്രസക്തമായ കത്തിടപാടുകളും, തർക്കത്തിലുള്ള പിഴകളുമായി ബന്ധപ്പെട്ട നിയമപരമായ രേഖകളും ഉദ്യോഗസ്ഥർ തേടിയിട്ടുണ്ട്. കുവൈറ്റിന്റെ സാമ്പത്തിക മേഖലയിൽ പ്രത്യേകിച്ച് അന്താരാഷ്ട്ര പണ കൈമാറ്റത്തിന്റെ നിർണായക മേഖലയുമായി ബന്ധപ്പെട്ട് സുതാര്യതയും, നീതിയും നിലനിർത്തുന്നതിനുള്ള സെൻട്രൽ ബാങ്കിന്റെ വിശാലമായ ശ്രമങ്ങളുമായി ഈ നിയന്ത്രണ നടപടി യോജിക്കുന്നു. വിപണി മത്സരവും, ഉപഭോക്തൃ താൽപര്യങ്ങളും സംരക്ഷിച്ചുകൊണ്ട് വിനിമയ സ്ഥാപനങ്ങൾ നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സെൻട്രൽ ബാങ്ക് ലക്ഷ്യമിടുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ വാട്ട്സാപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/FAbvdR3MMde8K6u4AmkZRf

What's Your Reaction?

like

dislike

love

funny

angry

sad

wow