എൻഡോസൾഫാൻ ദുരിതബാധിതരുടെ പെൻഷൻ വിതരണം ഉടൻ ലഭ്യമാക്കണം; പി.ടി.എ
കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിതബാധിതരായ ഭിന്നശേഷിക്കാർക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന സംസ്ഥാന സർക്കാർ നൽകിവരുന്ന പ്രതിമാസ പെൻഷൻ മൂന്നു മാസമായി മുടങ്ങിക്കിടക്കുന്നതായി ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂൾ പി.ടി.എ വാർഷിക പൊതുയോഗം ചൂണ്ടിക്കാട്ടി. കുടിശ്ശികയായ പെൻഷൻ തുക എത്രയും വേഗം വിതരണം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
എൻഡോസൾഫാൻ ദുരിതബാധിതരിൽ വലിയൊരു വിഭാഗം ജില്ലയിലെ സ്പെഷ്യൽ സ്കൂൾ വിദ്യാർഥികളാണെന്നും, പെൻഷൻ മുടങ്ങിയത് കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും യോഗം അഭിപ്രായപ്പെട്ടു.
ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്ന രക്ഷിതാക്കൾക്ക് നൽകിവരുന്ന 'ആശ്വാസകിരണം' സഹായധനവും മാസങ്ങളായി മുടങ്ങിക്കിടക്കുകയാണെന്നും, കുടിശ്ശികയുള്ള തുക അടിയന്തരമായി അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പി.ടി.എ പ്രസിഡന്റ് സുബൈർ നീലേശ്വരം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബീന സുകു വാർഷിക റിപ്പോർട്ടും എ.വി. ഹരിപ്രസാദ് വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. മുൻ ജില്ലാ പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം, സ്കൂൾ ഡയറക്ടർ ഖജാനൻ കാമത്ത്, ഡെപ്യൂട്ടി ഡയറക്ടർ എൻ. സുരേഷ്, എൽ.എൽ.സി കൺവീനർ കെ.എം. വിജയകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ആർ. ഷൈനി എന്നിവർ സംസാരിച്ചു.
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ വാർഷികത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് വിരമിച്ച പോസ്റ്റ്മാൻ പത്മനാഭൻ മുഴക്കോത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഭാരവാഹികൾ: സുബൈർ നീലേശ്വരം (പ്രസിഡന്റ്), ബീന സുകു (സെക്രട്ടറി), കെ.എം. വിജയകൃഷ്ണൻ (ട്രഷറർ), ബിന്ദു കെ. (മദർ പി.ടി.എ പ്രസിഡന്റ്).
What's Your Reaction?