ഏച്ചിക്കാനം തറവാട് കുടുംബ സംഗമവും ആദരിക്കലും നടന്നു

സിനിമകളുടെ ഓര്‍മകളും സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യവും പേറുന്ന ഏച്ചിക്കാനം തറവാട്

May 23, 2026 - 21:56
 0
ഏച്ചിക്കാനം തറവാട് കുടുംബ സംഗമവും ആദരിക്കലും നടന്നു

കാഞ്ഞങ്ങാട്: ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും മഹത്വം വിളിച്ചോതുന്ന മടിക്കൈ ഏച്ചിക്കാനം ചിരക്കര തറവാട് കുടുംബാംഗങ്ങളുടെ മഹാസംഗമത്തിന് വേദിയായപ്പോൾ, പഴമയുടെ സൗരഭ്യവും പുതുതലമുറയുടെ സാന്നിധ്യവും ഒത്തുചേർന്ന അപൂര്‍വ നിമിഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. മലയാളത്തിലും അന്യഭാഷകളിലുമുള്ള നിരവധി സിനിമകള്‍ക്ക് പശ്ചാത്തലമായതും സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ജന്മം നല്‍കിയതുമായ ഈ പ്രഗല്‍ഭ തറവാടിന്റെ കുടുംബ സംഗമവും ആദരിക്കലും ഹൃദയസ്പര്‍ശിയായ അന്തരീക്ഷത്തിലായിരുന്നു.

തറവാട്ടില്‍ നടന്ന ചടങ്ങ് എടനീര്‍ മഠാധിപതി ശ്രീ ശ്രീ ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമിജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കുടുംബബന്ധങ്ങളുടെ ശക്തിയും കൂട്ടുകുടുംബങ്ങളുടെ സാംസ്‌കാരിക മൂല്യങ്ങളും ഓര്‍മിപ്പിച്ച സ്വാമിജി, “അണുകുടുംബങ്ങള്‍ വര്‍ധിച്ചുവരുന്ന ഇന്നത്തെ കാലത്ത്, പഴമയുടെയും പുതുമയുടെയും സമന്വയമായ ഇത്തരം കുടുംബ സംഗമങ്ങള്‍ സമൂഹത്തിന് വലിയ പ്രചോദനമാണ്”െന്ന് അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.

സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ എ.സി. ധനഞ്ജയന്‍ നമ്പ്യാര്‍, കാഞ്ഞങ്ങാട്ടെ ജനകീയ ഡോക്ടര്‍ എ.സി. പത്മനാഭന്‍, മാനടുക്കം എ.സി. സാവിത്രിയമ്മ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

തൃക്കരിപ്പൂര്‍ മുതല്‍ മുളിയാര്‍ വരെ വ്യാപിച്ചുകിടക്കുന്ന 28 ഗ്രാമങ്ങളില്‍ നിന്നായി ഇരുന്നൂറിലധികം കുടുംബാംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. എ.സി. പ്രഭാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെ. വേണുഗോപാലന്‍ നമ്പ്യാര്‍, എ.സി. സുകുമാരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എ.സി. ഗോപിനാഥ് സ്വാഗതവും എ.സി. സുകുമാരന്‍ നന്ദിയും രേഖപ്പെടുത്തി.

തുടര്‍ന്ന് നടന്ന സാംസ്‌കാരിക സംഗമം വിവിധ തറവാട് പ്രതിനിധികളുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി. വേങ്ങയില്‍ ദേവീദാസന്‍ നായര്‍, കോടോത്ത് ജനാര്‍ദ്ദനന്‍ നായര്‍, പി.കെ. ഭാസ്‌കരന്‍ നായര്‍, ഇടയില്ലം രാധാകൃഷ്ണന്‍ നമ്പ്യാര്‍, ബ്രിഗേഡിയര്‍ കെ. പ്രഭാകരന്‍ നായര്‍, ഒ.കെ. വിജയരാഘവന്‍ നമ്പ്യാര്‍, കെ.കെ. രാധാകൃഷ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. എ.സി. കുഞ്ഞിക്കണ്ണന്‍ നായര്‍ സ്വാഗതവും ഡോ. സുമേഷ് പത്മനാഭന്‍ നന്ദിയും പറഞ്ഞു.

സാംസ്‌കാരിക പ്രവര്‍ത്തകരും വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുത്ത സംഗമത്തിന് നിറംപകര്‍ന്ന് വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി. കുടുംബബന്ധങ്ങളുടെ ചൂടും പാരമ്പര്യത്തിന്റെ മഹത്വവും പുതുക്കിപ്പറഞ്ഞ സംഗമമായി ചടങ്ങ് മാറി.

What's Your Reaction?

like

dislike

love

funny

angry

sad

wow