കാസർകോട് ജില്ലാതല സ്വാതന്ത്ര്യദിന പരേഡ്; 15 പ്ലാറ്റൂണുകൾ അണിനിരക്കും

ജില്ലയുടെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ദേശീയപതാക ഉയർത്തി പരേഡിൽ അഭിവാദ്യം സ്വീകരിക്കും

Aug 14, 2026 - 18:19
 0
കാസർകോട് ജില്ലാതല സ്വാതന്ത്ര്യദിന പരേഡ്; 15 പ്ലാറ്റൂണുകൾ അണിനിരക്കും

കാസർകോട്: ആഗസ്ത് 15ന് കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലയുടെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ദേശീയപതാക ഉയർത്തി പരേഡിൽ അഭിവാദ്യം സ്വീകരിക്കും.

സ്വാതന്ത്ര്യദിന പരേഡിൽ സായുധ സേന, പോലീസ്, എക്സൈസ്, വൊക്കേഷണൽ ഹയർ സെക്കൻഡറി, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, എൻ.സി.സി., സ്കൂൾ ബാൻഡ് സെറ്റുകൾ എന്നിവയുൾപ്പെടെ 15 പ്ലാറ്റൂണുകൾ അണിനിരക്കും.

ജില്ലാ ആംഡ് റിസർവ് പോലീസ്, ലോക്കൽ പോലീസ്, വനിതാ പോലീസ്, എക്സൈസ് വിഭാഗങ്ങൾക്കു പുറമെ ഇരിയണ്ണി ജി.വി.എച്ച്.എസ്.എസ്., നായന്മാർമൂല ടി.ഐ.എച്ച്.എസ്.എസ്., ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ, ഉദിനൂർ ജി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും പരേഡിൽ പങ്കെടുക്കും. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ, നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, ചെമ്മനാട് ജി.എച്ച്.എസ്.എസ്., കാറഡുക്ക ജി.വി.എച്ച്.എസ്.എസ്., പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവിടങ്ങളിലെ എൻ.സി.സി. കേഡറ്റുകളും അണിനിരക്കും.

പെരിയ ജവഹർ നവോദയ വിദ്യാലയം, ഉളിയത്തടുക്ക ജയ് മാതാ സീനിയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ ബാൻഡ് സെറ്റുകളും പരേഡിന്റെ ഭാഗമാകും. കാസർകോട് ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥികൾ ദേശീയഗാനം ആലപിക്കും.

എം.പി., എം.എൽ.എമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കും. പരേഡ് വീക്ഷിക്കാൻ പൊതുജനങ്ങളും വിദ്യാർഥികളും സർക്കാർ ജീവനക്കാരും എത്തണമെന്ന് ജില്ലാ കളക്ടർ അഭ്യർഥിച്ചു.

ജില്ലാതല സ്വാതന്ത്ര്യദിന പരേഡിന്റെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയം സന്ദർശിച്ചു. ജില്ലാ പോലീസ് മേധാവി പി. നിധിൻ രാജ്, എ.ഡി.എം. പി. ഉദയകുമാർ, തഹസിൽദാർ ബി. ശ്രീകുമാർ, ഡി.വൈ.എസ്.പി. ഉത്തംദാസ്, മറ്റ് പോലീസ് ഉദ്യോഗസ്ഥർ, പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ കളക്ടറോടൊപ്പമുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow