കിടപ്പുരോഗിയായ വൃദ്ധയെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാൻ നീക്കം; സിപിഎം തടഞ്ഞു

മടിക്കൈ ബങ്കളം കൂട്ടപ്പുനയിലെ നാരായണിയെയും മകൻ പി.വി. ചന്ദ്രൻ, ഭാര്യ, രണ്ട് പെൺമക്കൾ എന്നിവരടങ്ങുന്ന കുടുംബത്തെയുമാണ് കുടിയൊഴിപ്പിക്കാൻ ബാങ്ക് അധികൃതർ എത്തിയത്

Aug 8, 2026 - 08:19
 0
കിടപ്പുരോഗിയായ വൃദ്ധയെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാൻ നീക്കം; സിപിഎം തടഞ്ഞു

മടിക്കൈ: കിടപ്പുരോഗിയായ 85കാരിയെയും കുടുംബത്തെയും വീട് ജപ്തി ചെയ്ത് കുടിയൊഴിപ്പിക്കാനുള്ള യൂണിയൻ ബാങ്ക് അധികൃതരുടെ നീക്കം സിപിഎം പ്രവർത്തകർ ഇടപെട്ട് തടഞ്ഞു. മടിക്കൈ ബങ്കളം കൂട്ടപ്പുനയിലെ നാരായണിയെയും മകൻ പി.വി. ചന്ദ്രൻ, ഭാര്യ, രണ്ട് പെൺമക്കൾ എന്നിവരടങ്ങുന്ന കുടുംബത്തെയുമാണ് കുടിയൊഴിപ്പിക്കാൻ ബാങ്ക് അധികൃതർ എത്തിയത്.

സംഭവമറിഞ്ഞ് സിപിഎം പ്രവർത്തകർ സ്ഥലത്തെത്തിയാണ് ജപ്തി നടപടികൾ തടഞ്ഞത്. ഗൾഫിൽ ജോലി ചെയ്തിരുന്ന ചന്ദ്രൻ വീട് നിർമാണത്തിനായി യൂണിയൻ ബാങ്കിന്റെ നീലേശ്വരം ശാഖയിൽ നിന്ന് 16 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയതോടെയാണ് വായ്പ തിരിച്ചടവ് മുടങ്ങിയത്.

വായ്പയെടുത്ത തുകയിൽ 14 ലക്ഷം രൂപ തിരിച്ചടച്ചെങ്കിലും തുക പലിശയിനത്തിലാണ് വരവുവെച്ചതെന്ന് കുടുംബം ആരോപിച്ചു. കോവിഡ് കാലത്തെ വായ്പാ മോറട്ടോറിയത്തിനായി അപേക്ഷ നൽകിയിരുന്നെങ്കിലും ശാഖാ മാനേജർ അത് ഹെഡ് ഓഫീസിലേക്ക് അയച്ചില്ലെന്നും ഇതോടെ പലിശ വലിയ തോതിൽ വർധിച്ചെന്നും കുടുംബം പറയുന്നു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ചന്ദ്രൻ നാല് ലക്ഷം രൂപ കൂടി ബാങ്കിൽ അടച്ചിട്ടുണ്ട്. ഈ തുകയും പലിശയിനത്തിലാണ് വരവുവെച്ചതെന്ന് കുടുംബം ആരോപിച്ചു.

സിപിഎം പ്രവർത്തകർ ഇടപെട്ടതിനെ തുടർന്ന് ബാങ്ക് അധികൃതർ ജപ്തി നടപടികളിൽ നിന്ന് പിന്മാറി. പലിശയിനത്തിലുള്ള ഒരു ലക്ഷം രൂപ ഈ മാസം 17നകം അടയ്ക്കാനും ബാക്കി തുക രണ്ട് മാസത്തിനകം അടച്ചുതീർക്കാനും തുടർന്നുള്ള തുക ഗഡുക്കളായി അടയ്ക്കാനും ധാരണയായതോടെയാണ് ബാങ്ക് അധികൃതർ ജപ്തി നടപടിയിൽ നിന്ന് പിന്മാറിയത്.

കിടപ്പുരോഗിയായ വൃദ്ധയെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാനുള്ള നീക്കം സിപിഎം മടിക്കൈ വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ. പ്രഭാകരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ശശീന്ദ്രൻ മടിക്കൈ, കെ.എം. വിനോദ്, നേതാക്കളായ വി. കുട്ട്യൻ മാസ്റ്റർ, കെ. രാജൻ, ഷിബിൻ ബാലൊടി, മിഥുൻ, ജയന്തൻ എന്നിവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്.

What's Your Reaction?

like

dislike

love

funny

angry

sad

wow