കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ യോഗദിനം ആഘോഷിച്ചു.
കുവൈറ്റ് സിറ്റി: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസി സാൽമിയയിലെ ബൊളിവാർഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ യോഗ ദിന പരിപാടി സംഘടിപ്പിച്ചു. നയതന്ത്രജ്ഞർ, വിദ്യാർത്ഥികൾ, ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ, യോഗ പ്രേമികൾ, കുവൈറ്റിൽ നിന്നും, ഇന്ത്യയിൽ നിന്നുമുള്ള പ്രമുഖർ എന്നിവർ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള 1500 ലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുമായി സഹകരിച്ച് ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസിസിആർ) ആണ് പരിപാടി സംഘടിപ്പിച്ചത്. ഏകീകൃത യോഗ പ്രോട്ടോക്കോളും, കുവൈറ്റിൽ നിന്നുള്ള യോഗ ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ വിവിധ പ്രകടനങ്ങളും പരിപാടിയിൽ ഉണ്ടായിരുന്നു. കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ ഡോക്ടർ ആദർശ് സ്വൈക തന്റെ പ്രസ്താവനയിൽ കുവൈറ്റ് സർക്കാരിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. കുവൈറ്റിൽ ഒരു പൊതു സ്ഥലത്ത് അന്താരാഷ്ട്ര യോഗദിനം നടക്കുന്നത് ഇത് ആദ്യമായാണ്. യോഗ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയുടെ പത്മശ്രീ ജേതാവ് ഷെയ്ഖ അൽ അബ്ദുള്ളയുടെ പങ്കാളിത്തത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഈ വർഷത്തെ "ഒരു ഭൂമിക്ക് യോഗ, ഒരു ആരോഗ്യം" എന്ന പ്രമേയം ഇന്ത്യയുടെ ലൈഫ് മിഷൻ പരിസ്ഥിതി സംരക്ഷണ സംരംഭത്തിന് അനുസൃതമായി ആരോഗ്യം, സുസ്ഥിരത, പരിസ്ഥിതി അവബോധം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഈ പരിശീലനത്തിന്റെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. പരിപാടിയിൽ എല്ലാ പ്രായക്കാർക്കുമുള്ള യോഗ മത്സരങ്ങളും ഉണ്ടായിരുന്നു.
What's Your Reaction?