ക്വിസ്പദ്ധതി: പിന്നിട്ടത് ആയിരം ദിനങ്ങൾ; അറിവിന്റെ കൂട്ടായ്മക്ക് നേട്ടക്കിരീടം
അമ്പലത്തറ: വിദ്യാർത്ഥികളിൽ പൊതുവിജ്ഞാനത്തോടുള്ള ആസക്തി വളർത്തുന്നതിനായി ആരംഭിച്ച ജി കെ & ക്വിസ് അമ്പലത്തറയുടെ പ്രതിദിന തത്സമയ ഓൺലൈൻ ക്വിസ് പദ്ധതി ആയിരം ദിവസങ്ങൾ പൂർത്തിയാക്കി. പിലിക്കോട് സ്വദേശിയായ പ്രേമചന്ദ്രൻ മാസ്റ്റർ ജി വി എച്ച് എസ് എസ് അമ്പലത്തറയിലെ വിദ്യാർത്ഥികൾക്കായി ആരംഭിച്ച ഈ സംരംഭമാണ് ഏപ്രിൽ 20-ന് 1000 ദിവസം പിന്നിട്ടത്.
ഒരു ദിവസം പോലും മുടങ്ങാതെ എല്ലാ ദിവസവും രാത്രി 9 മണിക്ക് നടക്കുന്ന ക്വിസ് മത്സരത്തിൽ ഏകദേശം 150 വിദ്യാർത്ഥികൾ സജീവമായി പങ്കെടുക്കുന്നു. ഇതിനകം മൂവായിരത്തിലധികം ചോദ്യങ്ങൾ ചോദിച്ചുകഴിഞ്ഞു. ഓരോ 100 ദിവസവും പൂർത്തിയാകുമ്പോൾ ഗൂഗിൾ മീറ്റ് വഴി പ്രത്യേക ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുന്നു.
കുട്ടികൾ തന്നെ ചോദ്യനിർമ്മാതാക്കളാകുന്ന സംവിധാനം പദ്ധതിയുടെ പ്രധാന സവിശേഷതയാണ്. കൂടാതെ, പ്രതിദിന പത്രവാർത്തകൾ, മത്സരപരീക്ഷ അറിയിപ്പുകൾ, റേഡിയോ വാർത്തകൾ, കുട്ടികളുടെ വാർത്താവായന, ക്വിസ് അറിയിപ്പുകൾ എന്നിവയും സ്ഥിരമായി പങ്കുവെക്കുന്നു. ഇതിലൂടെ വിദ്യാർത്ഥികൾക്ക് പഠനത്തിന് പുറമേ സമഗ്രമായ അറിവ് കൈവരിക്കാൻ അവസരം ഒരുക്കുന്നു.
ഈ ഓൺലൈൻ ഗ്രൂപ്പിലെ വിദ്യാർത്ഥികൾ ജില്ലാ-സംസ്ഥാനതല മത്സരപരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന് അധ്യാപകർ അറിയിച്ചു. ഇതോടെ അമ്പലത്തറ സ്കൂൾ ക്വിസ് രംഗത്ത് ശ്രദ്ധേയമായ വിദ്യാഭ്യാസ സ്ഥാപനമായി മാറിയിട്ടുണ്ട്.
2023-24 അധ്യയന വർഷത്തിൽ ഹോസ്ദുർഗ് ഉപജില്ലാതല ഇന്നവേറ്റീവ് സ്കൂൾ അവാർഡിൽ ഒന്നാം സ്ഥാനവും, ജില്ലാതല അവതരണത്തിൽ ഒന്നാം സ്ഥാനവും പദ്ധതി സ്വന്തമാക്കി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ പദ്ധതിയുടെ വിജയത്തിന് കരുത്തായി.
ക്വിസ് രംഗത്ത് സജീവമായ പ്രേമചന്ദ്രൻ മാസ്റ്റർ ജി എച്ച് എസ് എസ് കക്കാട്ട്, ജി എച്ച് എസ് തച്ചങ്ങാട് എന്നീ വിദ്യാലയങ്ങളിലും സമാന പദ്ധതികൾ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. നിലവിൽ അദ്ദേഹം തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപകനാണ്.
What's Your Reaction?