ഖത്തർ എംഡിസിപിയൻസ് ക്രിക്കറ്റ് പ്രീമിയർ ലീഗ്; ഔദ്യോഗിക പോസ്റ്റർ പ്രകാശനം നടത്തി
ദോഹ: മാലിക് ദീനാർ കോളേജ് ഓഫ് ഫാർമസി അലൂമിനി അസോസിയേഷൻ-ഖത്തർ സംഘടിപ്പിക്കുന്ന ഖത്തർ എംഡിസിപിയൻസ് ക്രിക്കറ്റ് പ്രീമിയർ ലീഗ് 2026-ന്റെയും കുടുംബ സംഗമത്തിന്റെയും ഔദ്യോഗിക പോസ്റ്റർ പ്രകാശനം ഹിലാൽ കാലിക്കറ്റ് റെസ്റ്റോറന്റിൽ വിപുലമായ സാന്നിധ്യത്തിൽ നടന്നു.
ഖത്തറിലെ എംഡിസിപിയൻസ് അംഗങ്ങൾക്കിടയിലെ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുകയും മുൻ വിദ്യാർത്ഥികളെയും കുടുംബാംഗങ്ങളെയും ഒരേ വേദിയിൽ ഒരുമിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. കായിക മത്സരങ്ങൾക്കപ്പുറം പരസ്പര ബന്ധങ്ങൾ ദൃഢമാക്കാനും പുതിയ തലമുറയെ കൂട്ടായ്മയുടെ ഭാഗമാക്കാനുമുള്ള അവസരമായിരിക്കും പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.
ടൂർണമെന്റിൽ ഫാർമ സൂപ്പർ കിംഗ്സ്, ഫാർമ വാരിയേഴ്സ്, ഡോസ് സെവൻസ്, ഫാർമ കൈനറ്റിക് എന്നീ നാല് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ലീഗ് മത്സരങ്ങൾക്ക് ശേഷം മികച്ച പ്രകടനം നടത്തുന്ന ടീമുകൾ സെമിഫൈനലിലേക്കും തുടർന്ന് ഫൈനലിലേക്കും യോഗ്യത നേടും.
ക്രിക്കറ്റ് മത്സരങ്ങൾക്കൊപ്പം കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമായി വിവിധ വിനോദ, കലാ-സാംസ്കാരിക പരിപാടികൾ, ഗെയിമുകൾ, മത്സരങ്ങൾ, സമ്മാന പദ്ധതികൾ എന്നിവയും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
2026 ഓഗസ്റ്റ് 6-ന് വൈകിട്ട് 7 മണിക്ക് ഗറാഫയിലെ പിയർലിംഗ് ഇന്റർനാഷണൽ സ്കൂളിൽ വെച്ചാണ് ഖത്തർ എംഡിസിപിയൻസ് ക്രിക്കറ്റ് പ്രീമിയർ ലീഗ് 2026-ഉം കുടുംബ സംഗമവും നടക്കുക. ഖത്തറിലുള്ള മുഴുവൻ എംഡിസിപിയൻസ് അംഗങ്ങളെയും കുടുംബസമേതം പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
പോസ്റ്റർ പ്രകാശന ചടങ്ങിൽ അഷ്റഫ് നെല്ലിക്കുന്ന്, ആരിഫ് ബംബ്രൺ, സുലൈമാൻ അസ്കർ, ഷംനാദ് കല്ലാർ, ഷാനവാസ് ബേട്രിയ, അബ്ദുൽ റഹിമാൻ എരിയാൽ, അജ്മൽ റോഷൻ, നിസാർ ബേക്കൽ, ഹനീഫ് പാട്ല എന്നിവർ പങ്കെടുത്തു.
What's Your Reaction?