ചരിത്രത്തിന്റെ കുളമ്പടി ശബ്ദം കേട്ട് വായന കളരി
മടിക്കൈ: മുണ്ടോട്ട് ദേശാഭിമാനി വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായന പരിപോഷണ പദ്ധതിയായ *‘വായന വെളിച്ചം വായന കളരി’*യുടെ 15-ാമത് കൂടിച്ചേരൽ ചരിത്ര പ്രസിദ്ധമായ ബേക്കൽ കോട്ടയിൽ നടന്നു.
പരിപാടിയുടെ ഭാഗമായി ഡോക്ടർ എ.പി.ജെ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്ററിലെ ചരിത്ര വിദ്യാർത്ഥി വിപിൻലാൽ കുട്ടികളുമായി സംവദിച്ചു. ബേക്കൽ കോട്ടയുടെ ചരിത്രവും പൈതൃക സവിശേഷതകളും ലളിതവും ആകർഷകവുമായ രീതിയിൽ അവതരിപ്പിച്ചത് കുട്ടികൾക്ക് പുതിയ പഠനാനുഭവമായി. ചരിത്രം പുസ്തകങ്ങളിലൊതുങ്ങുന്നതല്ലെന്നും സ്ഥലങ്ങളെ നേരിൽ അറിയുന്നതിലൂടെ കൂടുതൽ മനസ്സിലാക്കാനാകുമെന്നും കുട്ടികൾക്ക് ബോധ്യപ്പെടുത്തുന്നതായിരുന്നു സംവാദം.
തുടർന്ന് കുട്ടികൾ ബേക്കൽ ബീച്ച് പാർക്കും സന്ദർശിച്ചു. പഠനവും വിനോദവും സമന്വയിപ്പിച്ച പരിപാടി കുട്ടികളിൽ വലിയ ആവേശമുണർത്തി. ചടങ്ങിൽ വായനശാല സെക്രട്ടറി കെ. സത്യൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എം. സതീശൻ അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം എ. പ്രകാശൻ നന്ദി രേഖപ്പെടുത്തി. ലൈബ്രേറിയൻ സുശീല എ.കെ., കവിത കുമാരൻ എന്നിവർ നേതൃത്വം നൽകി.
What's Your Reaction?