ചരിത്രബോധം പുതിയ തലമുറയിൽ കുറഞ്ഞുവരുന്നു: എം. സ്വരാജ്
കാഞ്ഞങ്ങാട്: പുതിയ തലമുറയിൽ ചരിത്രബോധം കുറഞ്ഞുവരുന്നതായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ് അഭിപ്രായപ്പെട്ടു. മുൻ എം.എൽ.എയും സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗവും കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാനുമായിരുന്ന അഡ്വ. കെ. പുരുഷോത്തമന്റെ സ്മരണാർത്ഥം രൂപീകരിച്ച അഡ്വ. കെ. പുരുഷോത്തമൻ മെമ്മോറിയൽ ഫൗണ്ടേഷന്റെ ഉദ്ഘാടനം മേലാങ്കോട്ട് ലയൺസ് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിയൻ പഠനം ഐച്ഛിക വിഷയമായി പഠിക്കുന്ന വിദ്യാർഥികളുമായി നടന്ന ഒരു സംവാദത്തിൽ മഹാത്മാ ഗാന്ധിയുടെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഭൂരിഭാഗം പേരും തെറ്റായ മറുപടിയാണ് നൽകിയതെന്ന് സ്വരാജ് പറഞ്ഞു. ചരിത്ര സംഭവങ്ങൾ കൃത്യമായി പഠിപ്പിക്കപ്പെടാത്തതും ചരിത്രത്തെ വികലമായി അവതരിപ്പിക്കുന്നതുമാണ് ഇത്തരം തെറ്റിദ്ധാരണകൾക്ക് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മ്യൂസിയങ്ങളിലെയും ചരിത്ര അവതരണങ്ങളെ വിമർശിച്ച സ്വരാജ്, ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട യഥാർഥ ചരിത്രം മറച്ചുവെക്കപ്പെടുന്നുവെന്ന ആരോപണവും ഉന്നയിച്ചു. ചരിത്രത്തെ വളച്ചൊടിക്കുന്ന പ്രവണത സമൂഹത്തിന് ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഡ്വ. കെ. പുരുഷോത്തമൻ അഭിഭാഷകൻ എന്നതിലുപരി മികച്ച ജനപ്രതിനിധിയും സാമൂഹിക പ്രവർത്തകനുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ പൊതുജീവിതം സമൂഹത്തിന് മാതൃകയാണെന്നും സ്വരാജ് പറഞ്ഞു.
ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ. പി. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ, കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ, എം.സി. ജോസ്, കെ.വി. കൃഷ്ണൻ, പി.കെ. നിഷാന്ത്, എം. ഹമീദ് ഹാജി, അഡ്വ. രമാദേവി, പി.പി. രാജു, അഡ്വ. എ. ഗോപാലൻ നായർ, അഡ്വ. വേണുഗോപാലൻ എന്നിവർ സംസാരിച്ചു.
ഫൗണ്ടേഷൻ സെക്രട്ടറി കെ. സബീഷ് ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ. കെ. രാജ്മോഹൻ സ്വാഗതം പറഞ്ഞു.
What's Your Reaction?