അർദ്ധരാത്രിയിൽ കക്കൂസ് മാലിന്യം തള്ളി; ടാങ്കർ ലോറിയുമായി പ്രതി പിടിയിൽ

അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇരിയ പൂണൂരിൽ നാരായണൻ എന്നവരുടെ പറമ്പിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ സമയോചിതമായി പോലീസ് നടപടി സ്വീകരിച്ച് പ്രതിയെയും വാഹനത്തെയും കണ്ടെത്തി.

Mar 26, 2026 - 11:24
 0
അർദ്ധരാത്രിയിൽ കക്കൂസ് മാലിന്യം തള്ളി; ടാങ്കർ ലോറിയുമായി പ്രതി പിടിയിൽ

അമ്പലത്തറ: അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇരിയ പൂണൂരിൽ നാരായണൻ എന്നവരുടെ പറമ്പിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ സമയോചിതമായി പോലീസ് നടപടി സ്വീകരിച്ച് പ്രതിയെയും വാഹനത്തെയും കണ്ടെത്തി.  അർദ്ധരാത്രിയിൽ എത്തിയ ഒരു വാഹനം നാരായണന്റെ പറമ്പിൽ മാലിന്യം തള്ളിയതിനെ തുടർന്ന് കിണറിലെ വെള്ളത്തിൽ കക്കൂസ് മാലിന്യം കലർന്ന് അത് ഉപയോഗശൂന്യമായി. ഇതിനെ തുടർന്ന് നാരായണൻ അമ്പലത്തറ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.  സ്റ്റേഷൻ ഹൗസ് ഓഫീസർ ഷാജു സി യുടെ നിർദേശപ്രകാരം പി.ആർ.ഒ വിനോദ് കോട്ടോത്ത് ഉൾപ്പെടുന്ന പോലീസ് സംഘം അന്വേഷണം നടത്തി. പരിസരത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചപ്പോൾ കെ എൽ 64 ഡി 9031 നമ്പർ ടാങ്കർ ലോറിയിലാണ് മാലിന്യം കൊണ്ടുവന്ന് തള്ളിയതെന്ന് കണ്ടെത്തി.  തുടർന്ന് മഞ്ചേശ്വരം സ്വദേശിയായ ‘എ വൺ ടാങ്കേഴ്സ്’ എന്ന സ്ഥാപനത്തിന്റെ ഉടമയെ പോലീസ് വിളിച്ചുവരുത്തി, വാഹനം സഹിതം പഞ്ചായത്തധികൃതർക്ക് കൈമാറി. പഞ്ചായത്തിൻ്റെ ഭാഗത്തുനിന്ന് 50,000 രൂപ പിഴ ഈടാക്കുന്നതിനായി നോട്ടീസ് നൽകി.  പരാതിക്കാരന് മതിയായ നഷ്ടപരിഹാരം നൽകുകയും കിണർ വൃത്തിയാക്കി നൽകുകയും ചെയ്യാമെന്ന് ബന്ധപ്പെട്ടവർ പഞ്ചായത്തധികൃതർക്കും പോലീസിനോടും ഉറപ്പ് നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow