ചെമ്മട്ടംവയൽ–കാലിച്ചാനടുക്കം റോഡ് നവീകരണം ഇഴയുന്നു; യാത്രാദുരിതം രൂക്ഷം
മടിക്കൈ: മലയോര മേഖലയിലേക്കുള്ള പ്രധാന ഗതാഗത പാതയായ ചെമ്മട്ടംവയൽ–കാലിച്ചാനടുക്കം റോഡിലെ കുറ്റിക്കാൽ ബല്ല വയലിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ മന്ദഗതി പ്രദേശവാസികളെയും യാത്രക്കാരെയും കടുത്ത ദുരിതത്തിലാഴ്ത്തുന്നു. ഏപ്രിൽ 19-നകം പ്രവൃത്തി പൂർത്തിയാക്കി റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ഉറപ്പ് പാലിക്കപ്പെടാത്തതിൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്.
മഴക്കാലത്ത് പതിവായി വെള്ളക്കെട്ട് അനുഭവപ്പെടുന്ന മേഖലയായതിനാൽ കൾവെർട്ട് പൊളിച്ച് റോഡ് ഉയർത്തിയും വീതി കൂട്ടിയും പുനർനിർമിക്കുന്ന പ്രവൃത്തികളാണ് ഇവിടെ നടക്കുന്നത്. 18.7 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നവീകരണത്തിൽ വെറും 200 മീറ്റർ ഭാഗം മാത്രമാണ് ബാക്കിയുള്ളതെങ്കിലും പ്രവൃത്തി ഇഴയുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
റോഡ് അടച്ചിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾ കല്യാൺ റോഡ് വഴി ഏകദേശം നാല് കിലോമീറ്റർ അധികദൂരം സഞ്ചരിക്കേണ്ട സാഹചര്യമാണുള്ളത്. ഇതുമൂലം യാത്രാസമയവും ചെലവും വർധിച്ചതായി നാട്ടുകാർ പരാതിപ്പെടുന്നു. ടാറിംഗ് ഉൾപ്പെടെയുള്ള ശേഷിക്കുന്ന ജോലികൾ എത്രയും വേഗം പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കണമെന്നന്നാണ് നാട്ടുകാരുടെ ആവശ്യം
What's Your Reaction?