തുടർച്ചയായി 1875 ദിവസം വാർത്താ വായന; വേദിക എം.ജി. കേരള ബുക്ക് ഓഫ് റെക്കോർഡ്സിൽ

Aug 8, 2026 - 18:09
 0
തുടർച്ചയായി 1875 ദിവസം വാർത്താ വായന; വേദിക എം.ജി. കേരള ബുക്ക് ഓഫ് റെക്കോർഡ്സിൽ

കാഞ്ഞങ്ങാട്: തുടർച്ചയായി അഞ്ചു വർഷം സാമൂഹ്യമാധ്യമങ്ങളിലൂടെ വാർത്താ വായന നടത്തിയ കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വേദിക എം.ജി. കേരള ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ആലുവ അങ്കമാലിയിൽ നടന്ന കെ.ബി.ആർ. ഹോൾഡേഴ്സ് മീറ്റിന്റെ പതിനാറാം സീസണിൽ വേദികയ്ക്ക് അംഗീകാരപത്രവും മെഡലുകളും കൈമാറി.

മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി. സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനിയായിരിക്കെ 2021 ജൂൺ 19-ന് വായനാദിനത്തിലാണ് വേദിക വാർത്താ വായനയ്ക്ക് തുടക്കം കുറിച്ചത്. ക്ലാസുകളിലും സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിലും വാർത്തകൾ പങ്കുവെച്ചുതുടങ്ങിയ വേദിക, രാവിലെ ലഭിക്കുന്ന വിവിധ മലയാള പത്രങ്ങളിൽനിന്ന് പ്രധാന വാർത്തകൾ ശേഖരിച്ച് വായിച്ച് റെക്കോർഡ് ചെയ്ത് നാട്ടിലും വിദേശത്തുമുള്ള വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ചുവരികയാണ്.

ഓരോ ദിവസത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന ദേശീയ, അന്തർദേശീയ ദിനാചരണങ്ങൾ, സാഹിത്യം, കല, കായികം, സാംസ്കാരികം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെ പ്രമുഖരുടെ ജന്മദിനങ്ങളും ചരമദിനങ്ങളും വാർത്തകൾക്ക് മുമ്പായി വേദിക അവതരിപ്പിക്കാറുണ്ട്. പത്രങ്ങൾക്ക് അവധിയുള്ള ദിവസങ്ങളിലും ടെലിവിഷൻ, ഓൺലൈൻ മാധ്യമങ്ങൾ എന്നിവയിൽനിന്ന് വാർത്തകൾ ശേഖരിച്ച് വായന തുടരുന്നു.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒരിക്കൽപോലും വാർത്താ വായന മുടങ്ങിയിട്ടില്ല. ആഗസ്റ്റ് എട്ടിന് തുടർച്ചയായി 1875-ാം ദിവസത്തിലാണ് വേദികയുടെ വാർത്താ വായന എത്തിനിൽക്കുന്നത്. നാട്ടിൽ മാത്രമല്ല, ഗൾഫ് രാജ്യങ്ങളിലെ മലയാളി വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വേദികയുടെ വാർത്തകൾക്ക് നിരവധി ശ്രോതാക്കളുണ്ട്.

മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വേദികയുടെ വാർത്താ വായനയെക്കുറിച്ച് അറിഞ്ഞതിനെ തുടർന്ന് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ വേദിക വാർത്ത വായിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. ഇൻസ്പയേർഡ് ഇന്ത്യ ഫൗണ്ടേഷന്റെ യൂത്ത് ഐക്കൺ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ഇതിനകം വേദികയെ തേടിയെത്തിയിട്ടുണ്ട്.

ആറാം ക്ലാസിലെ തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം പാഠപുസ്തകത്തിലെ ‘മാധ്യമങ്ങളും വിനോദവും’ എന്ന അധ്യായത്തിൽ റേഡിയോ പ്രോഗ്രാം അവതരിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ കൂട്ടത്തിൽ വേദികയുടെ വാർത്താ അവതരണത്തെക്കുറിച്ചുള്ള പത്രവാർത്തകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ദുർഗ്ഗ സ്കൂളിലെ ക്രാഫ്റ്റ് ടീച്ചർ ടി.പി. സപ്നയാണ് വേദിക വാർത്തകൾ പങ്കുവെക്കുന്ന കാര്യം പാഠപുസ്തക സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

പ്രൈമറി സ്കൂളിൽ ക്ലാസ് അധ്യാപികയായിരുന്ന ശൈലജയാണ് വാർത്ത വായിച്ച് പങ്കുവെക്കാൻ കുട്ടികളോട് നിർദ്ദേശിച്ചത്. മുൻ പ്രധാനാധ്യാപകൻ ഡോ. കൊടക്കാട് നാരായണൻ, മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വി. ജയരാജ് തുടങ്ങിയവരുടെ നിരന്തര പ്രോത്സാഹനമാണ് വാർത്താ വായന തുടരാൻ പ്രചോദനമായതെന്ന് വേദിക പറയുന്നു.

അങ്കമാലിയിൽ നടന്ന കെ.ബി.ആർ. ഹോൾഡേഴ്സ് മീറ്റിൽ കെ.ബി.ആർ. ചെയർമാൻ പ്രദീപ് പൈമ അധ്യക്ഷനായിരുന്നു. തുടർന്ന് നടന്ന ‘മാജിക് ഇൻസ്പെയർ’ കലാപരിപാടിയിൽ സിനിമാ-സീരിയൽ താരം മായാ വിശ്വനാഥ് മുഖ്യാതിഥിയായി. ഗായകരായ രാധിക അശോക്, മുരളി അപ്പാടത്ത് തുടങ്ങിയവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow