ദുബായ് സർക്കാറിന്റെ ഔദ്യോഗിക ചിഹ്നങ്ങളും, ലോഗോയും നിയമ വിരുദ്ധമായി ഉപയോഗിക്കുന്നതിന്ന് നിയന്ത്രണമേർപ്പെടുത്തി.

Feb 6, 2025 - 08:47
 0
ദുബായ് സർക്കാറിന്റെ ഔദ്യോഗിക ചിഹ്നങ്ങളും, ലോഗോയും നിയമ വിരുദ്ധമായി ഉപയോഗിക്കുന്നതിന്ന് നിയന്ത്രണമേർപ്പെടുത്തി.

ദുബായ്: ദുബായ് എമിറേറ്റിൻ്റെയും, ദുബായ് സര്‍ക്കാരിൻ്റെയും ഔദ്യോഗിക ചിഹ്നങ്ങളും, ലോഗോയും ഇനി മുതല്‍ തോന്നിയ പോലെ ഉപയോഗിക്കാന്‍ കഴിയില്ല. ഔദ്യോഗിക ചിഹ്നത്തിൻ്റെ ഉപയോഗം നിയന്ത്രിക്കുന്ന പുതിയ നിയമം ദുബായില്‍ പ്രാബല്യത്തില്‍ വന്നു.

യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രഖ്യാപിച്ചത്. ഇതുപ്രകാരം പരസ്യം ചെയ്യല്‍, ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ വാണിജ്യ ആവശ്യങ്ങള്‍ക്കായി ദുബായ് സര്‍ക്കാരിൻ്റെ ഔദ്യോഗിക ലോഗോകള്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലോഗോയെ ഏതെങ്കിലും വിധത്തില്‍ മോശമായി ചിത്രീകരിക്കുകയോ അതിനെ വളച്ചൊടിക്കുന്നതോ അതിൻ്റെ മൂല്യത്തെയോ നിലയെയോ ദോഷകരമായി ബാധിക്കുന്നതോ ആയ ഏതെങ്കിലും വിധത്തില്‍ ഉപയോഗിക്കുകയോ ചെയ്യുന്നത് പുതിയ നിയമ പ്രകാരം നിരോധിച്ചിട്ടുണ്ട്. ദുബായ് എമിറേറ്റിൻ്റെ ഔദ്യോഗിക ലോഗോ സ്ഥലങ്ങള്‍, ഇവൻ്റുകള്‍, രേഖകള്‍, മുദ്രകള്‍ എന്നിവയില്‍ പ്രത്യേക അനുമതിയോടെ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. ദുബായ് ഗവണ്‍മെൻ്റ് ലോഗോ ദുബായ് ഗവണ്‍മെൻ്റിൻ്റെയും, സര്‍ക്കാര്‍ ഏജന്‍സികളുടെയും കെട്ടിടങ്ങള്‍, സൈറ്റുകള്‍, ഇവൻ്റുകള്‍, പ്രവര്‍ത്തനങ്ങള്‍, രേഖകള്‍, സൈറ്റുകള്‍, ആപ്ലിക്കേഷനുകള്‍ എന്നിവയില്‍ ഉപയോഗിക്കും.

മാർഗനിർദേശങ്ങൾ അനുസരിച്ച് മാത്രമേ ലോഗോകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും പുതിയ നിയമം അനുശാസിക്കുന്നു. നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിച്ച് ദുബായ് എമിറേറ്റിൻ്റെയും, ദുബായ് സര്‍ക്കാരിൻ്റെയും ലോഗോകള്‍ ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം ബന്ധപ്പെട്ട അധികാരികളെ നിര്‍ബന്ധമായും അറിയിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

നിയമം ലംഘിക്കുനവർക്ക് 5 വര്‍ഷം വരെ തടവോ, ഒരു ലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരുമെന്ന് നിയമം അനുശാസിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow