നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ മൺമതിൽ നിർമ്മാണത്തിനെതിരെ രാപ്പകൽ സമരം ആരംഭിച്ചു

Apr 17, 2026 - 19:58
 0
നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ മൺമതിൽ നിർമ്മാണത്തിനെതിരെ രാപ്പകൽ സമരം ആരംഭിച്ചു

നീലേശ്വരം: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി മാർക്കറ്റ് ജംഗ്ഷനിൽ നഗരത്തെ രണ്ടായി വിഭജിക്കുന്ന മൺമതിൽ നിർമ്മാണം ഉപേക്ഷിക്കണമെന്നും പകരം ആകാശപാത നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിലുള്ള കർമ്മസമിതി ആരംഭിച്ച രാപ്പകൽ സമരത്തിന് ആവേശകരമായ തുടക്കം. രാഷ്ട്രീയ, ജാതി, മത ഭേദമില്ലാതെ നൂറുകണക്കിന് ആളുകൾ സമരത്തിൽ പങ്കാളികളായി.

എം. രാജഗോപാലൻ എംഎൽഎ സമരം ഉദ്ഘാടനം ചെയ്തു. കർമ്മസമിതി ചെയർമാനും നഗരസഭ ചെയർമാനുമായ പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ശനിയാഴ്ച രാവിലെ 10 മണിയോടെ സമരം സമാപിക്കും.

നീലേശ്വരം പുഴ മുതൽ പോലീസ് സ്റ്റേഷൻ വരെ മേൽപ്പാലം നിർമ്മിക്കുക, പഴയ പാലം പൊളിച്ച് പുതിയ പാലം പണിയുക, കച്ചേരികടവ് പാലത്തിന്റെ അപ്പ്രോച്ച് റോഡിൽ നിന്ന് ദേശീയപാതയിലേക്ക് സൗകര്യപ്രദമായ പ്രവേശനവും തിരിച്ചുവരവുമൊരുക്കുക, കരുവാച്ചേരി വളവിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർമ്മസമിതി ഉന്നയിക്കുന്നത്.

സമരത്തിൽ നഗരസഭ വൈസ് ചെയർമാൻ പി.എം. സന്ധ്യ, മുൻ എം.പി പി. കരുണാകരൻ, മുൻ എം.എൽ.എ കെ.പി. സതീഷ് ചന്ദ്രൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ എന്നിവരടക്കം നിരവധി രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക സംഘടനാ നേതാക്കൾ സംസാരിച്ചു.

സമരത്തിന്റെ തുടർച്ചയായി വിവിധ സംഘടനകളുടെ യോഗം ഈ മാസം 26ന് വൈകിട്ട് 4ന് നഗരസഭ ഹാളിൽ നടക്കും. 28ന് മാർക്കറ്റ് ജംഗ്ഷനിൽ 3000 പേർ പങ്കെടുക്കുന്ന ജനകീയ കൺവെൻഷനും സംഘടിപ്പിക്കും. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം 29 മുതൽ അനിശ്ചിതകാല സത്യഗ്രഹ സമരവും ആരംഭിക്കുമെന്ന് കർമ്മസമിതി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow