ബേക്കലിൽ മാതാവിനും മകനും വെട്ടേറ്റു; മകന്റെ നില ഗുരുതരം

Jun 29, 2026 - 08:54
 0
ബേക്കലിൽ മാതാവിനും മകനും വെട്ടേറ്റു; മകന്റെ നില ഗുരുതരം

ബേക്കൽ: പൊയിനാച്ചി മൈലാട്ടിയിൽ മാതാവിനും മകനും വെട്ടേറ്റ സംഭവത്തിൽ മകൻ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കൂട്ടപ്പുന്ന കുറുക്കൻകുന്ന് ഉന്നതിയിലെ ആസിഫ്, മാതാവ് നസീമ എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തലയ്ക്ക് ഗുരുതരമായി വെട്ടേറ്റ ആസിഫിന്റെ നില അതീവ ഗുരുതരമാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇന്നലെ രാത്രി 10 മണിയോടെയാണ് വീട്ടിന് മുന്നിൽ വെച്ച് ആസിഫിന് നേരെ ആക്രമണമുണ്ടായത്.

ആസിഫിന്റെ നിലവിളിയും ബഹളവും കേട്ട് സ്ഥലത്തെത്തിയ മാതാവ് നസീമ ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് അവർക്കും വെട്ടേറ്റതെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിന് പിന്നിൽ മൂന്നംഗ സംഘമാണെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. മദ്യവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമേ ആക്രമണത്തിന്റെ യഥാർഥ കാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളുവെന്ന് ബേക്കൽ പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow