മസ്കറ്റിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യുവതിക്ക് സുഖപ്രസവം.

Jul 25, 2025 - 12:35
 0
മസ്കറ്റിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യുവതിക്ക് സുഖപ്രസവം.

മുംബൈ: മസ്കറ്റിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യുവതിക്ക് സുഖപ്രസവം. എയർ ഇന്ത്യ എക്‌സ്പ്രസ് ഐ എക്‌സ് 442 വിമാനം 30,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് തായ് സ്വദേശിനിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. മസ്കറ്റിൽ നിന്നും മുംബൈയിലേക്ക് പറക്കുകയായിരുന്നു വിമാനം. യുവതിയുടെയും കുഞ്ഞിന്റെയും സ്വകാര്യത മാനിച്ച് ഇവരുടെ പേരും മറ്റുവിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. വിമാനം 30,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ യാത്രക്കാരിയായ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വിമാനത്തിലെ യാത്രക്കാരിയായ ഒരു നഴ്‌സിന്റെ സഹായത്തോടെ എയർലൈനിലെ കാബിൻ ക്രൂ പ്രസവം എടുത്തു. തങ്ങളുടെ ജീവനക്കാർ സാഹചര്യം വിദഗ്ധമായി കൈകാര്യം ചെയ്തതായും പരിശീലനം ലഭിച്ച തങ്ങളുടെ ജീവനക്കാർ മെഡിക്കൽ എമർജൻസിയിൽ പ്രവർത്തിക്കുകയായിരുന്നുവെന്നും എയർ ഇന്ത്യ എക്‌സ്പ്രസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിവരം വിമാന ജീവനക്കാർ എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചതിനെ തുടർന്ന് മുംബൈയിൽ മുൻഗണന ലാൻഡിങ്ങിന് അഭ്യർഥിക്കുകയും ഇതേ തുടർന്ന് വിമാനത്താവളത്തിൽ മെഡിക്കൽ സംഘവും ആംബുലൻസും സജ്ജരാവുകയും ചെയ്തു. അമ്മയെയും നവജാതശിശുവിനെയും പ്രസവാനന്തര പരിചരണത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും നവജാതശിശുവിന്റെ യാത്ര ക്രമീകരണങ്ങളിൽ സഹായിക്കുന്നതിന് മുംബൈയിലെ തായ്‌ലൻഡ് കോൺസുലേറ്റ് ജനറലുമായി ഏകോപിപ്പിക്കുന്നുണ്ടെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് പ്രസ്താവനയിൽ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow