രാജ്യത്ത് ആദ്യമായി വർണ്ണനാണയം പുറത്തിറക്കി
മഞ്ചേരി: ഇന്ത്യയിൽ ആദ്യമായി വർണ്ണനാണയം പുറത്തിറക്കി. ഇന്ത്യൻ റെയിൽവേയിൽ ഇലക്ട്രിഫിക്കേഷൻ നടത്തിയതിന്റെ നൂറാം വാർഷികത്തിന്റെ ഓർമ്മക്കായാണ് 100 രൂപയുടെ വർണ്ണനാണയം റിസർവ് ബാങ്ക് പുറത്തിറക്കിയത്. 1925 മുംബൈ-കുർള റൂട്ടിലാണ് ഇന്ത്യയിൽ ആദ്യമായി വൈദ്യുതി ട്രെയിൻ ഓടിത്തുടങ്ങിയത്. ഇന്ത്യൻ റെയിൽവേയുടെ പുതിയ മുഖമായ വന്ദേ ഭാരത് ട്രെയിനിന്റെ വർണ്ണചിത്രമാണ് ഈ നാണയത്തിന്റെ ഒരു ഭാഗത്ത് ആലേഖനം ചെയ്തിട്ടുള്ളത്. ഇന്ത്യൻ റെയിൽവേയുടെ വൈദ്യുതീകരണ യാത്ര പ്രതിനിധീകരിക്കുന്ന ഇലക്ട്രിക് ലോക്കോ മോട്ടീവിന്റെ രൂപകല്പനയും ഈ നാണയത്തിൽ കാണാം. ഇന്ത്യയിൽ വിവിധതരത്തിലുള്ള നാണയങ്ങൾ ഏറെ പുറത്തിറക്കിയെങ്കിലും ആദ്യമായാണ് വൈവിധ്യങ്ങൾ നിറഞ്ഞ 100 രൂപയുടെ വർണ്ണനാണയം പുറത്തിറക്കിയത്. കൊൽക്കത്തയിലെ നാണയ കമ്മട്ടശാല പുറത്തിറക്കിയ 35 ഗ്രാം തൂക്കം വരുന്ന ഈ നാണയത്തിൽ 50% ശതമാനം വെള്ളിയും, 40% ചെമ്പും, 5% നിക്കലും, 5% സിങ്കുമാണ് അടങ്ങിയിട്ടുള്ളത്. പുരാവസ്തു ശേഖരണത്തിലൂടെ ശ്രദ്ധേയനായ തൃപ്പനച്ചി എയുപി സ്കൂൾ അധ്യാപകൻ എം സി അബ്ദുൽ അലിയുടെ ശേഖരണത്തിൽ ഈ നാണയം എത്തിയിട്ടുണ്ട്.
What's Your Reaction?