വനിതാ എസ്.ഐ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് മർദ്ദനം; പ്രതി പിടിയിൽ

Feb 4, 2026 - 19:19
 0
വനിതാ എസ്.ഐ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് മർദ്ദനം; പ്രതി പിടിയിൽ

പയ്യന്നൂർ: പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും വനിതാ എസ്.ഐയെ അക്രമിച്ച് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിലായി. രാമന്തളി കുന്നരു കാരന്താട്ടെ പുന്നത്തിരിയൻ വീട്ടിൽ ബിജുകുമാറിനെ (43) ആണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു യുവതിയെയും പത്താം ക്ലാസുകാരനായ മകനെയും പ്രതി ഉപദ്രവിക്കുന്നുവെന്ന പരാതി അന്വേഷിക്കാനാണ് പയ്യന്നൂർ പോലീസ് സംഘം സ്ഥലത്തെത്തിയത്. അന്വേഷണത്തിനെത്തിയ വനിതാ എസ്.ഐയെയും സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദിനെയുമാണ് പ്രതി ആക്രമിച്ചത്. വനിതാ എസ്.ഐയെ ഷോൾഡറിൽ പിടിച്ചു തള്ളുകയും വയറ്റിൽ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. പരിക്കേറ്റ ഉദ്യോഗസ്ഥർ പയ്യന്നൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന് പിന്നാലെ രാത്രി തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, മർദ്ദനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow