വ്യാജ ലൈസൻസുമായി വാഹനമോടിച്ച 17കാരനെതിരെ കേസ്
വെള്ളരിക്കുണ്ട്: വ്യാജ ഡ്രൈവിംഗ് ലൈസൻസുമായി വാഹനമോടിച്ച 17 വയസുകാരനെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നടപടി.
കാസർകോട് എൻഫോഴ്സ്മെന്റ് സ്ക്വാഡും വെള്ളരിക്കുണ്ട് സബ് ആർടിഒ ഓഫീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. അമിതവേഗത്തിൽ എത്തിയ വാഹനം പരിശോധനയ്ക്കായി നിർത്തി ഡ്രൈവിംഗ് ലൈസൻസ് ആവശ്യപ്പെട്ടപ്പോൾ ഹാജരാക്കിയ രേഖയിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. വിശദമായ പരിശോധനയിൽ ലൈസൻസ് വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
തുടർന്ന് സ്കൂൾ രേഖകൾ പരിശോധിച്ചതോടെ വാഹനമോടിച്ചയാൾക്ക് 17 വയസ്സ് മാത്രമാണെന്നും നിയമപ്രകാരം ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള പ്രായം തികഞ്ഞിട്ടില്ലെന്നും കണ്ടെത്തി.
വ്യാജ ലൈസൻസ് എവിടെനിന്ന് ലഭിച്ചതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരാരെന്നുമുള്ള വിവരങ്ങൾ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ ലൈസൻസുകൾ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ജില്ലയിൽ കൂടുതൽ ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
What's Your Reaction?