സമസ്ത ജനറൽ സെക്രട്ടറിയും, കാസർകോട് സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാർ അന്തരിച്ചു

Jul 23, 2026 - 14:00
Jul 23, 2026 - 16:33
 0
സമസ്ത ജനറൽ സെക്രട്ടറിയും, കാസർകോട് സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാർ അന്തരിച്ചു

കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി, കാസർകോട് ജില്ലാ ഖാസി, പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്ന പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു.

2016-ൽ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരുടെ വിയോഗത്തെ തുടർന്നാണ് അദ്ദേഹം സമസ്തയുടെ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്. 2013 മുതൽ കാസർകോട് ജില്ലാ ഖാസിയായും 2003 മുതൽ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജിന്റെ പ്രിൻസിപ്പലായും പ്രവർത്തിച്ചു.

1945-ൽ മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയിൽ തിരൂർക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായാണ് ജനനം. പ്രാഥമിക മതപഠനം പിതാമഹൻ കുന്നത്ത് ആലി ഹാജിയുടെ ഓത്തുപുരയിലും ഭൗതിക വിദ്യാഭ്യാസം തിരൂർക്കാട് മാപ്പിള സ്കൂളിലുമായിരുന്നു. ഏഴാം വയസ്സിൽ ദർസ് പഠനം ആരംഭിച്ച അദ്ദേഹം പിന്നീട് പുത്തനങ്ങാടി, അരിപ്ര, പടിഞ്ഞാറ്റുമുറി എന്നിവിടങ്ങളിലെ ദർസുകളിൽ പഠനം തുടർന്നു. 1964-ൽ ജാമിഅ നൂരിയ്യയിൽ ചേർന്ന് നാല് വർഷത്തെ പഠനത്തിന് ശേഷം 1968-ൽ ഫൈസി ബിരുദം നേടി.

ശംസുൽ ഉലമ, കോട്ടുമല അബൂബക്കർ മുസ്ലിയാർ, താഴെക്കോട് കുഞ്ഞലവി മുസ്ലിയാർ, പെരിന്തൽമണ്ണ സൈതാലി മുസ്ലിയാർ, വളപുരം കെ.ടി. മുഹമ്മദ് മുസ്ലിയാർ, അബ്ദുൽ ഖാദർ (കായി) മുസ്ലിയാർ, പെരുമ്പലം ബാപ്പുട്ടി മുസ്ലിയാർ എന്നിവരായിരുന്നു പ്രധാന ഗുരുക്കന്മാർ.

16-ാം വയസ്സിൽ തിരൂർക്കാട് മഹല്ല് പള്ളി ഖത്തീബായും 20-ാം വയസ്സിൽ മഹല്ല് ഖാസിയായും നിയമിതനായ അദ്ദേഹം ചെറുപ്പത്തിൽ തന്നെ നേതൃപാടവം തെളിയിച്ചു. ഫൈസി ബിരുദത്തിന് ശേഷം മീനാർകുഴി ദർസിൽ അധ്യാപകനായി സേവനം ആരംഭിച്ചു. 1978-ൽ ചെമ്മങ്കടവ് ദർസിലേക്ക് മാറിയെങ്കിലും 1979-ൽ ജാമിഅ നൂരിയ്യയിൽ അധ്യാപകനായും തുടർന്ന് 2003 മുതൽ പ്രിൻസിപ്പലായും ചുമതലയേറ്റു.

സമസ്തയുടെയും എസ്.വൈ.എസിന്റെയും വിവിധ തലങ്ങളിൽ അദ്ദേഹം നിർണായക സ്ഥാനങ്ങൾ വഹിച്ചു. 1970-ൽ സമസ്ത പെരിന്തൽമണ്ണ താലൂക്ക് സെക്രട്ടറിയായും 1976-ൽ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 1986-ൽ സമസ്ത മുശാവറ അംഗവും 1992-ൽ എസ്.വൈ.എസ് ജനറൽ സെക്രട്ടറിയുമായി. 2010-ൽ സമസ്ത ജോയിന്റ് സെക്രട്ടറിയായ അദ്ദേഹം 2016-ൽ ജനറൽ സെക്രട്ടറിയായി. 2009 മുതൽ സമസ്ത വിദ്യാഭ്യാസ ബോർഡ് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.

രാജ്യത്തിനകത്തും വിദേശത്തുമായി നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ഇന്ത്യൻ മുസ്ലിംകളെ പ്രതിനിധീകരിച്ച് പങ്കെടുത്ത അദ്ദേഹം മുസ്ലിം വേൾഡ് ലീഗിന്റെ ഇസ്ലാമിക് ഫിഖ്ഹ് കൗൺസിൽ അംഗവുമായിരുന്നു. 1978-ൽ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയുടെ സിലബസ് രൂപീകരണ സമിതിയിലും അംഗമായി.

2008-ൽ ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാലയിൽ നടന്ന അസ്ഹർ-നൂരിയ വിദ്യാർഥി സംഗമത്തിൽ പങ്കെടുത്ത അദ്ദേഹം 2011-ൽ ലിബിയയിലും 2012-ൽ മൊറോക്കോയിലും തുടർന്ന് സെനഗലിലുമടക്കം വിവിധ രാജ്യങ്ങളിൽ നടന്ന അന്താരാഷ്ട്ര സൂഫി സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

2003 മുതൽ 2006 വരെ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനായും 2006 മുതൽ 2009 വരെ ഇന്ത്യാ ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനായും പ്രവർത്തിച്ചു. മന്ത്രിയല്ലാത്ത ഒരാൾ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനാകുന്ന ആദ്യ വ്യക്തിയെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. 2014 മുതൽ സുപ്രഭാതം ദിനപത്രത്തിന്റെ വൈസ് ചെയർമാനായും സംസ്ഥാന മുസ്ലിം ഓർഫനേജ് കോർഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. അൽ മുഅല്ലിം, അൽ നൂർ മാസികകൾ, സുന്നി അഫ്കാർ എന്നിവയുടെ ചീഫ് എഡിറ്ററുമായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow