ആകാശ പാതയ്ക്കായ് നീലേശ്വരത്ത് നാളെ രാപ്പകൽ സമരം

Apr 16, 2026 - 17:15
 0
ആകാശ പാതയ്ക്കായ് നീലേശ്വരത്ത് നാളെ രാപ്പകൽ സമരം

നീലേശ്വരം: നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ ആകാശപാത വേണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിലുള്ള കർമ്മസമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായുളള രാപകൽ സമരം നാളെ നടക്കും. എം രാജഗോപാലൻ എംഎൽഎ സമരം ഉദ്ഘാടനം ചെയ്യും. 29 മുതൽ അനിശ്ചിതകാല സത്യാഗ്രഹ സമരവും ആരംഭിക്കും. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള വിവിധ രാഷ്ട്രീയ, സാംസ്ക്കാരിക സന്നദ്ധ സംഘടന ഭാരവാഹികളുടെ യോഗം 26ന് വൈകിട്ട് നാലുമണിക്ക് നീലേശ്വരം നഗരസഭാ ഹാളിലും, 3000 ത്തോളം പേർ അണിനിരക്കുന്ന ജനകീയ കൺവെൻഷൻ 28ന് വൈകിട്ട് 4.30ന് മാർക്കറ്റ് ജംഗ്ഷനിലും നടക്കും.

നീലേശ്വരം പുഴ മുതൽ പോലീസ് സ്റ്റേഷൻ വരെ മേൽപ്പാലം പണിയുക, കച്ചേരി കടവ് പാലത്തിന്റെ അപ്പ്രോച്ച് റോഡിൽ ദേശീയപാതയിൽ കയറാനും ഇറങ്ങാനുമുള്ള വഴിയൊരുക്കുക, നീലേശ്വരം പഴയ പാലം പൊളിച്ച് പുതുക്കി പണിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കർമ്മസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം നടത്തുന്നത്. 

ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി അധ്യക്ഷനായി മുൻ എംഎൽഎ കെ പി സതീഷ് ചന്ദ്രൻ, വൈസ് ചെയർപേഴ്സൺ പി എം സന്ധ്യ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ എ വി സുരേന്ദ്രൻ, കെ സതീശൻ, ഇ കെ ചന്ദ്രൻ, ഇ ചന്ദ്രമതി, നഗരസഭാ കൗൺസിലർ പി വി സതീശൻ, അഡ്ഹോക്ക് കമ്മറ്റി അംഗങ്ങളായ മാമുനി വിജയൻ, എറുവാട്ട് മോഹനൻ, അഡ്വ. കെ പി നസീർ, കെ വി സുരേഷ് കുമാർ, ഉദയൻ പാലായി, സേതു ബങ്കളം, രമേശൻ കാര്യങ്കോട്, പി മനോഹരൻ, ഷംസുദ്ദീൻ അറിഞ്ചിറ, സുരേഷ് പുതിയേടത്ത് , പി യു വിജയകുമാർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, കെ വി ചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു. ഇ ഷജീർ സ്വാഗതം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow