ഹമീദ് അറന്തോടിന് യാത്രയയപ്പു നൽകി ഖത്തർ കെ എം സി സി.
ദോഹ∶ മൂന്നു പതിറ്റാണ്ടിലധികം നീണ്ടുനിന്ന പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഖത്തർ കെഎംസിസി കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റും, നിലവിലെ ആക്ടിങ് പ്രസിഡന്റുമായ ഹമീദ് അറന്തോടിന് ഖത്തർ കെഎംസിസി മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റി യാത്രയയപ്പു നൽകി. തുമാമയിലെ കെഎംസിസി ആസ്ഥാനത്ത് വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് അൻവർ കടവത്, ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ, ഭാരവാഹികളായ നവാസ് ആസാദ് നഗർ, റഹീം ചൗകി, ഹമീദ് കൊടിയമ്മ, റഹീം ബളൂർ, സിദ്ദിഖ് പടിഞ്ഞാർ എന്നിവർ ഉപഹാരം നൽകി ആദരിച്ചു. ഖത്തറിലെ സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവമായിരുന്ന ഹമീദ് അറന്തോട്, 37 വർഷത്തെ പ്രവാസജീവിതത്തിനിടയിൽ സഹജീവി സ്നേഹത്തിന്റെ മഹനീയ മാതൃകയായി മാറി. നിരവധി പ്രവാസികൾക്ക് തൊഴിൽ ലഭ്യമാക്കിക്കൊടുക്കുന്നതിലൂടെ ജീവിതോപാധി ഉറപ്പിച്ച അദ്ദേഹം, പ്രവാസി സമൂഹത്തിനിടയിൽ വിശ്വാസത്തിന്റെ പ്രതീകമായി നിലകൊണ്ടു. ദോഹ മുനിസിപ്പാലിറ്റിയിലെ കൺട്രോൾ ഡിപ്പാർട്മെന്റിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ഹമീദ് അറന്തോട്, നാട്ടിൽ മുസ്ലിം ലീഗ് വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫ് വഴിയാണ് സംഘടനാരംഗത്ത് പ്രവേശിച്ചത്. തുടർന്ന് ഖത്തർ കെഎംസിസി കാസറഗോഡ് ജില്ലാ കൗൺസിൽ അംഗം, മണ്ഡലം വൈസ് പ്രസിഡന്റ്, സെക്രട്ടറി, ആക്ടിങ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയും, മധൂർ പഞ്ചായത്ത് കെഎംസിസിയുടെ രൂപീകരണത്തിന് നേതൃത്വം നൽകുകയും ചെയ്തു. കൂടാതെ എസ്കെഎസ്എസ്എഫ് ഖത്തർ ജില്ലാ കമ്മിറ്റി അംഗമായും സേവനം അനുഷ്ഠിച്ചു.
What's Your Reaction?