ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനത്തിന്റെ നിർമ്മാണം മടിക്കൈയിൽ പുരോഗമിക്കുന്നു

ഐ ഐ പി ഡി സെന്റർ ആദ്യഘട്ടം ജൂണിൽ സമർപ്പിക്കും

Feb 25, 2026 - 10:12
Feb 25, 2026 - 10:14
 0
ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനത്തിന്റെ നിർമ്മാണം മടിക്കൈയിൽ പുരോഗമിക്കുന്നു

മടിക്കൈ: തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെന്ററിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരുടെ സമഗ്ര വികാസത്തിനായി മടിക്കൈ പഞ്ചായത്തിലെ അടുക്കത്ത്പറമ്പിൽ ആരംഭിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ്(ഐ ഐ പി ഡി)സംരംഭത്തിന്റെ ആദ്യഘട്ടം ജൂണിൽ പൂർത്തിയാകുമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. ഏർലി ഇന്റർ വെൻഷൻ സെന്റർ, തെറാപ്പി യൂണിറ്റുകൾ, കലാപരിശീലന സമുച്ചയം, ഓഫീസ് സംവിധാനങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തനസജ്ജമാക്കുന്നത്. കഴിഞ്ഞവർഷം ഫെബ്രുവരി 23നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി പ്രകാശനം നടത്തിയത്. തുടർന്ന് ഊരാളുങ്കൽ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഭിന്നശേഷി സൗഹൃദമായ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുക. കാസർകോടിന്റെ പ്രൗഡി വിളിച്ചോതുന്ന ബേക്കൽ കോട്ടയുടെ മാതൃകയിലാണ് കലാ പരിശീലന സമുച്ചയം നിർമ്മിക്കുന്നത്. തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെന്ററിന്റെ മാതൃകയെ ആസ്പദമാക്കി വിപുലീകരിച്ച സംവിധാനങ്ങളാണ് മടിക്കൈയിൽ 22 ഏക്കർ സ്ഥലത്ത് ഒരുങ്ങുന്നത്. അന്തർദേശീയ നിലവാരത്തിലുള്ള കലാകായിക പരിശീലന സംവിധാനങ്ങൾ, അത്യാധുനിക തെറാപ്പി സൗകര്യങ്ങൾ, പേഴ്സണലൈസഡ് അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, മെഡിക്കൽ സൗകര്യങ്ങൾ, ട്രെയിനിങ് സെന്ററുകൾ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഉണ്ടാവുക. ഇന്ത്യയിൽ ആദ്യമായാണ് ഇത്രയധികം വിഭാഗങ്ങൾ ഒരുമിച്ച് ചേരുന്ന സംരംഭം നടപ്പിലാക്കുന്നത്. എൻഡോസൾഫാൻ ദുരിതബാധിതർ അടക്കം സംസ്ഥാനത്തെയും ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാർക്ക് ആശ്രയമാകുന്ന തരത്തിലാണ് സെന്റർ നിർമ്മിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനം ആയി ഐ ഐ പി ഡി മാറും. 120 കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. 2029 ഓടുകൂടി പദ്ധതിപൂർണ്ണമായും പ്രവർത്തനസജ്ജമാകും ഇതോടെ പ്രതിവർഷം ആയിരം ഭിന്നശേഷിക്കാർക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകുവാൻ കഴിയുമെന്നും മുതുകാട് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow