എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയം; പരിശുദ്ധാത്മാ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു

May 25, 2026 - 20:22
 0
എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയം; പരിശുദ്ധാത്മാ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു

രാജപുരം: എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയം പരിശുദ്ധാത്മാ തീർത്ഥാടന കേന്ദ്രമായി തലശ്ശേരി അതിരൂപത മെത്രാൻ മാർ ജോസഫ് പാമ്പ്ലാനി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച അതിരൂപതയുടെ ഡിക്രി വികാരി ജനറൽ മോൺ സിഞ്ഞോർ മാത്യു ഇലന്തുരുത്തിപ്പടവിൽ വായിച്ചു .

വ്യാഴാഴ്ച സെമിത്തേരിയിൽ പണിതീർത്ത പുതിയ ചാപ്പലിന്റെയും 69 കല്ലറകളുടെയും വെഞ്ചിരിപ്പ് കർമ്മത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ചാണ് തീർഥാടന കേന്ദ്രമായുള്ള പ്രഖ്യാപനം ഉണ്ടായത്. പരിശുദ്ധാത്മാവിന്റെ നാമധേയത്തിലുള്ള മലബാറിലെ ഏക ദേവാലയം ആണ് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയം.

1962 ൽ സ്ഥാപിതമായ ദേവാലയമാണിത്. കഴിഞ്ഞ 212 ദിവസമായി 24 മണിക്കൂറും നടന്നുവരുന്ന അഖണ്ഡ ജപമാലയിൽ പങ്കെടുക്കുന്നതിന് ദൂരസ്ഥലങ്ങളിൽ നിന്നു പോലും നിരവധി ആളുകളാണ് ദേവാലയത്തിൽ എത്തുന്നത്. രണ്ടു മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച ചാപ്പലിന്റെയും കല്ലറകളുടെയും പണി വേഗത്തിൽ പൂർത്തീകരിച്ച് പന്തക്കുസ്താ തിരുനാളിനോട് അനുബന്ധിച്ച് ആശിർവാദ കർമ്മം നിർവഹിക്കാൻ അക്ഷീണം പ്രയത്നിച്ച വികാരി ഫാ. ജോയിസ് കാരിക്കാത്തടം, കൈക്കാരൻമാർ, കമ്മറ്റിക്കാർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ എന്നിവരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നവർ പ്രശ്നങ്ങളിൽ നിന്നും മുക്തരല്ലെങ്കിലും അവയെ അതിജീവിക്കാനും പ്രതിസന്ധികളിൽ ഭയരഹിതരായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഫാ.അരുൺ അയിലുപാറ, ഫാ.ജോബ് കാട്ടുപറമ്പിൽ, ഫാ.ലിബിൻ എന്നിവർ സഹകാർമികത്വം വഹിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow