വിവിധ ജില്ലകളിൽ ബൈക്ക് മോഷണം; പിലിക്കോട് സ്വദേശി അറസ്റ്റിൽ
ചന്തേര: വിവിധ ജില്ലകളിൽ നിന്ന് ബൈക്കുകൾ മോഷ്ടിച്ച കേസുകളിൽ പിലിക്കോട് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചന്തേര മൈലാച്ചുംകുളങ്ങരയിലെ ലിബേഷ് (26) ആണ് പിടിയിലായത്. തുടർച്ചയായി മൂന്ന് ബൈക്കുകൾ മോഷ്ടിച്ച കേസുകളിലാണ് വടക്കാഞ്ചേരി പോലീസ് ചന്തേരയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് പ്രതി ആദ്യം ബൈക്ക് മോഷ്ടിച്ചത്. തുടർന്ന് തൃശ്ശൂർ വാഴക്കോടുള്ള പമ്പിന് സമീപത്തുനിന്ന് മറ്റൊരു ബൈക്കും കവർന്നു. ആദ്യം മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ച ശേഷമായിരുന്നു രണ്ടാമത്തെ മോഷണം. പിന്നീട് ഒറ്റപ്പാലത്ത് നിർത്തിയിട്ടിരുന്ന വിലകൂടിയ മറ്റൊരു ബൈക്കും മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് പോലീസിന്റെ കണ്ടെത്തൽ.
പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. തമിഴ്‌നാട്ടിലേക്ക് കടത്തിക്കൊണ്ടുപോകുന്ന വാഹനങ്ങൾ പൊളിച്ച് വിൽക്കുന്ന സംഘത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ലിബേഷിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയ വടക്കാഞ്ചേരി പോലീസ് ചന്തേരയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. വീടിന്റെ പരിസരത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട്, ഷൊർണൂർ, ഒറ്റപ്പാലം, കാസർകോട് തുടങ്ങിയ സ്ഥലങ്ങളിൽ പ്രതിക്കെതിരെ ബൈക്ക് മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
What's Your Reaction?