നീലേശ്വരം സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി രൂപീകരിച്ചു; ഖാസിയായി അബ്ബാസലി ശിഹാബ് തങ്ങൾ

Oct 12, 2026 - 21:31
 0
നീലേശ്വരം സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി രൂപീകരിച്ചു; ഖാസിയായി അബ്ബാസലി ശിഹാബ് തങ്ങൾ

നീലേശ്വരം: നഗരസഭയിലെയും പരിസര പ്രദേശങ്ങളിലെയും മുസ്ലിം മഹല്ല് ജമാഅത്തുകളെ ഏകോപിപ്പിച്ച് നീലേശ്വരം സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി രൂപീകരിച്ചു. കോട്ടപ്പുറം ആസ്ഥാനമായാണ് കമ്മിറ്റി പ്രവർത്തിക്കുക. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ സംയുക്ത ജമാഅത്തിന്റെ ഖാസിയായി നിശ്ചയിച്ചു.

ഖാസി സ്ഥാനാരോഹണ ചടങ്ങ് ഒക്ടോബർ 22 വ്യാഴാഴ്ച വൈകിട്ട് മൂന്നിന് കോട്ടപ്പുറം മഖ്‌ദൂം പള്ളി നഗറിൽ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗവും ദാറുൽ ഹുദാ ഇസ്‌ലാമിക് സർവകലാശാല വൈസ് ചാൻസലറുമായ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട് ചടങ്ങ് ഉദ്ഘാടനം ചെയ്യും. സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി യു. ഷാഫി ഹാജി ചെമ്മാട് മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ പ്രാർഥനയ്ക്ക് നേതൃത്വം നൽകും.

കോട്ടപ്പുറം ജമാഅത്ത് പ്രസിഡന്റ് ഇ. എം. കുട്ടി ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സംയുക്ത ജമാഅത്ത് കമ്മിറ്റി രൂപീകരിച്ചത്.

ഭാരവാഹികൾ: ഇ. എം. കുട്ടി ഹാജി (പ്രസിഡന്റ്), എൻ. പി. സൈനുദ്ദീൻ (ജനറൽ സെക്രട്ടറി), കെ. പി. മഹ്‌മൂദ് ഹാജി (ട്രഷറർ), റഫീഖ് കോട്ടപ്പുറം, പി. അഹ്‌മദ് കുഞ്ഞി ഹാജി (വൈസ് പ്രസിഡന്റുമാർ), ഫൈസൽ പേരോൽ, എ. മുഹമ്മദ് കുഞ്ഞി (ജോയിന്റ് സെക്രട്ടറിമാർ).

യോഗത്തിൽ റഫീഖ് കോട്ടപ്പുറം, എൻ. പി. സൈനുദ്ദീൻ, കെ. പി. കമാൽ ഹാജി, ഇ. ഖാലിദ് ഹാജി, കെ. എം. കുഞ്ഞൂട്ടി ഹാജി, കെ. പി. മഹ്‌മൂദ് ഹാജി, അഹ്‌മദ് കുഞ്ഞി ഹാജി കടിഞ്ഞിമൂല, ഫൈസൽ പേരോൽ, ഇ. കെ. മജീദ്, പി. എം. അബ്ദുൽ കരീം ഹാജി, എൻ. പി. ഹമീദ്, മുഹമ്മദ് പെരുമ്പ, കല്ലായി ബഷീർ ഹാജി, കെ. പി. ഷാഹി എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow