ഓണത്തിന് സ്വന്തം പൂക്കൾ; കാഞ്ഞങ്ങാട് നഗരസഭയുടെ ചെണ്ടുമല്ലി കൃഷിക്ക് തുടക്കം

Jun 25, 2026 - 13:36
 0
ഓണത്തിന് സ്വന്തം പൂക്കൾ; കാഞ്ഞങ്ങാട് നഗരസഭയുടെ ചെണ്ടുമല്ലി കൃഷിക്ക് തുടക്കം

കാഞ്ഞങ്ങാട്: ഇത്തവണത്തെ ഓണാഘോഷത്തിന് ആവശ്യമായ പൂക്കൾ നഗരസഭയിൽ തന്നെ ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് നഗരസഭയിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി. നഗരസഭാ കൗൺസിലർമാരും ജീവനക്കാരും ചേർന്ന് ടൗൺഹാളിന് സമീപമുള്ള നെഹ്‌റു സ്മൃതി മണ്ഡപം (നെഹ്‌റു പാർക്ക്) പരിസരത്ത് ചെണ്ടുമല്ലി തൈകൾ നട്ടു.

നഗരസഭാ ജീവനക്കാരുടെയും ശുചീകരണ വിഭാഗം ജീവനക്കാരുടെയും കൂട്ടായ്മയായ ‘ഒപ്പരം’ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. പൊതുഇടങ്ങൾ മാലിന്യമുക്തമാക്കി സൗന്ദര്യവൽക്കരിക്കുന്നതിനായി നഗരസഭ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. ഓണത്തിന് ആവശ്യമായ പൂക്കൾ പ്രാദേശികമായി ലഭ്യമാക്കുന്നതിനൊപ്പം, നഗരസഭാ പരിസരത്തെ കൂടുതൽ ഹരിതാഭമാക്കുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്.

ചെണ്ടുമല്ലി തൈ നട്ട് നഗരസഭാ ചെയർപേഴ്സൺ വി.വി. രമേശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലതാ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി എം.കെ. ഗിരീഷ് സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ പി.വി. ചന്ദ്രൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫൗസിയ ഷെരീഫ്, കൗൺസിലർമാരായ സന്തോഷ് കുശാൽ നഗർ, രാജൻ അത്തിക്കോത്ത്, സെവൻസ്റ്റാർ അബ്ദുൾ റഹിമാൻ, മൊയ്തു പുഞ്ചാവി, സേതു കാഞ്ഞങ്ങാട്, എം. ബലരാജ്, ‘ഒപ്പരം’ കൂട്ടായ്മ പ്രസിഡന്റ് ദിവാകരൻ എൻ.വി, സെക്രട്ടറി രാകേഷ് നാരായണൻ എന്നിവരുള്‍പ്പെടെ മറ്റ് കൗൺസിലർമാരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു തൈകൾ നട്ടു.

വരും ദിവസങ്ങളിൽ നഗരസഭയിലെ മികച്ച ശുചിത്വ വാർഡിനും മികച്ച വീടിനും പുരസ്കാരം നൽകുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow