കാഞ്ഞങ്ങാട് നഗരസൗന്ദര്യവൽക്കരണത്തിന് കുടുംബശ്രീയുടെ കൈത്താങ്ങ്
കാഞ്ഞങ്ങാട്: പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന നഗരസൗന്ദര്യവൽക്കരണ പദ്ധതിക്ക് പിന്തുണയായി കുടുംബശ്രീ സി.ഡി.എസ് സെക്കന്റ് 200 ചെടികളും ചെടിച്ചട്ടികളും കാഞ്ഞങ്ങാട് നഗരസഭയ്ക്ക് കൈമാറി. സി.ഡി.എസ് സെക്കന്റിന്റെ കീഴിലുള്ള അയൽക്കൂട്ടങ്ങളിൽ നിന്ന് ശേഖരിച്ച വൈവിധ്യമാർന്നതും അപൂർവവുമായ ചെടികളാണ് നൽകിയത്.
ആലാമി പള്ളി ബസ് സ്റ്റാൻഡ്, നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ, റോഡുകളുടെ വശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
നഗരസഭ ചെയർമാൻ വി.വി. രമേശൻ ചെടികൾ ഏറ്റുവാങ്ങി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലത ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഫൗസിയ ഷെരീഫ്, മുഹമ്മദ് മുറിയനാവി, നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, കുടുംബശ്രീ മെമ്പർ സെക്രട്ടറി എ.വി. ദിവാകരൻ എന്നിവർ സംസാരിച്ചു.
കുടുംബശ്രീ സി.ഡി.എസ് സെക്കന്റ് ചെയർപേഴ്സൺ പി.വി. രത്നാവതി സ്വാഗതവും വൈസ് ചെയർപേഴ്സൺ കെ. പ്രഭ നന്ദിയും രേഖപ്പെടുത്തി. നഗരസഭ കൗൺസിലർമാർ, കുടുംബശ്രീ അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
What's Your Reaction?