കാഞ്ഞങ്ങാട് സൗത്ത് ജിവിഎച്ച്എസ് ജില്ലയിൽ ആദ്യ ‘ലിപ്സ്റ്റിക് ഫ്രീ ക്യാമ്പസ്’
കാഞ്ഞങ്ങാട്: വിദ്യാർത്ഥികൾക്കിടയിൽ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുകയും അവയുടെ ആരോഗ്യപ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് സൗത്ത് ജിവിഎച്ച്എസ് കാസർകോട് ജില്ലയിലെ ആദ്യ ‘ലിപ്സ്റ്റിക് ഫ്രീ ക്യാമ്പസ്’ ആയി പ്രഖ്യാപിച്ചു.
പരിപാടിയിൽ പങ്കെടുത്ത കാസർകോട് ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. രേണുക ദേവി തങ്കച്ചി വിദ്യാർത്ഥികൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് നടത്തി. ലിപ്സ്റ്റിക് ഉൾപ്പെടെയുള്ള ചില സൗന്ദര്യവർദ്ധക വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. കുട്ടികളുടെ നേർത്ത ചർമത്തിലൂടെ ഇത്തരം രാസവസ്തുക്കൾ ശരീരത്തിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാമെന്നും അതുവഴി അലർജി, ഹോർമോൺ വ്യതിയാനങ്ങൾ, വളർച്ചാ പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും വിശദീകരിച്ചു.
സ്കൂളുകളിൽ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് പ്രിൻസിപ്പൽ പി.എസ്. അരുൺ പറഞ്ഞു.
കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ. ഗീത അധ്യക്ഷയായ ചടങ്ങ് കൗൺസിലറും പി.ടി.എ പ്രസിഡന്റുമായ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാസർകോട് ശിശുക്ഷേമ സമിതി ചെയർപേഴ്സൺ അഡ്വ. എസ്. രേണുക ദേവി, ഹെഡ്മാസ്റ്റർ എം. ഗിരീശൻ, സീനിയർ അസിസ്റ്റന്റ് സി. ശാരദ, മദർ പി.ടി.എ പ്രസിഡന്റ് എം. സുലേഖ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ. മഞ്ജു, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ സമീർ സിദ്ധിഖി, സ്കൂൾ കൗൺസിലർ എസ്.കെ. ജീഷ്മ എന്നിവരുള്പ്പെടെ അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.
What's Your Reaction?