പിലാത്തറ കവര്‍ച്ചാ കേസ്: ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍
കണ്ണൂർ: കണ്ണൂർ പിലാത്തറയിൽ കാർ തടഞ്ഞുനിർത്തി സ്വർണവും പണവും കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ അഞ്ചാംപീടിക സ്വദേശി സനു സന്തോഷ് (42) ആണ് പിടിയിലായത്. ബിജെപി പ്രാദേശിക നേതാവായ പ്രതിയെ കാസർകോട് ഉപ്പളയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് പ്രതികൾ ഉപയോഗിച്ച രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ പങ്കുള്ള മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
ഈ മാസം രണ്ടിനായിരുന്നു സിനിമയെ വെല്ലുന്ന രീതിയിൽ കവർച്ച അരങ്ങേറിയത്. മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാർ ആക്രമിച്ച്, വാഹനത്തിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 55 ലക്ഷം രൂപയും സ്വർണവും കവർന്നുവെന്നാണ് കേസ്. മഹാരാഷ്ട്ര സ്വദേശി കുമാർ ജലന്ധർ നിഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ആക്രമണത്തിനിടെ പരാതിക്കാരന്റെ ഭാര്യയുടെ ബാഗിലുണ്ടായിരുന്ന 25 ഗ്രാം സ്വർണവും നഷ്ടമായതായി പരാതിയിൽ പറയുന്നു.
പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് പിന്നീട് കാർ കണ്ടെത്തിയത്. കാറിനകത്തെ വസ്ത്രങ്ങൾ ചിതറിക്കിടന്ന നിലയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കോളേജിലെ സുരക്ഷാ ജീവനക്കാരനാണ് ആദ്യം സംശയാസ്പദ സാഹചര്യത്തിൽ വാഹനം കണ്ടെത്തി പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നതടക്കം പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
What's Your Reaction?