കുപ്രസിദ്ധ മോഷ്ടാവ് നെല്ലിക്കട്ടയിലെ ഉമ്മർ ഫാറൂഖ് അറസ്റ്റിൽ

Aug 12, 2026 - 14:06
 0
കുപ്രസിദ്ധ മോഷ്ടാവ് നെല്ലിക്കട്ടയിലെ ഉമ്മർ ഫാറൂഖ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: കുപ്രസിദ്ധ മോഷ്ടാവ് നെല്ലിക്കട്ടയിലെ ഉമ്മർ ഫാറൂഖ് (46) അറസ്റ്റിൽ. കാസർകോട് ജില്ലയിലും ദക്ഷിണ കന്നഡയിലുമുള്ള വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാന പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാസം 29ന് മാവിനെക്കട്ടയിലെ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ കവർന്ന കേസിലാണ് അറസ്റ്റ്. മാസങ്ങളായി കേരള, കർണാടക പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന പ്രതിയാണ് ഉമ്മർ ഫാറൂഖ്. പകൽ സമയങ്ങളിൽ ഒളിവിൽ കഴിയുകയും രാത്രിയിൽ മോഷണത്തിനിറങ്ങുകയുമാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

മുള്ളേരിയ പള്ളത്ത് നിന്ന് വാടകയ്ക്കെടുത്ത സ്വിഫ്റ്റ് ഡിസയർ കാറിൽ കൂട്ടുപ്രതിയായ മുള്ളേരിയ പള്ളം സ്വദേശി സാബിത്തിനൊപ്പം മാവിനെക്കട്ടയിലെ ക്ഷേത്ര ഭണ്ഡാരങ്ങൾ കവർന്നതായും തുടർന്ന് അതേ വാഹനത്തിൽ മുള്ളേരിയിലെ ഒരു വീട്ടിൽ നിന്ന് രണ്ട് കിന്റൽ അടയ്ക്ക മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു. കേസിലെ കൂട്ടുപ്രതിയായ സാബിത്തിനെ ബദിയടുക്ക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ ജയിലിൽ റിമാൻഡിലാണ്.

കുമ്പള പൊലീസ് സ്റ്റേഷനിലെ കൊലപാതക കേസിലും ഉമ്മർ ഫാറൂഖ് പ്രതിയാണ്. മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പൊലീസ് ട്രാക്ക് ചെയ്യുമെന്നറിയാവുന്നതിനാൽ സ്വന്തം ഫോൺ ഉപയോഗിക്കാതെ വഴിയിൽ കാണുന്ന മറ്റുള്ളവരുടെ മൊബൈൽ ഫോണിൽ നിന്നാണ് കുടുംബവുമായി ബന്ധപ്പെടാറുള്ളതെന്നും പൊലീസ് പറഞ്ഞു.

മദ്യപാനശീലമുള്ള പ്രതിയെ കാഞ്ഞങ്ങാട് മലനാട് ബാറിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. അവിടെനിന്ന് പ്രതി നടത്തിയ ഫോൺകോളിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. പൊലീസിനെ കണ്ട് ഓടിയ പ്രതി മലനാട് ബാറിന്റെ പിൻവശത്തെ ചതുപ്പിൽ ഒളിച്ചെങ്കിലും സാഹസികമായി കീഴ്പെടുത്തി അറസ്റ്റ് ചെയ്തു.

ഇൻസ്പെക്ടർ അനൂപ് കൃഷ്ണൻ, എസ്.ഐ അഭിജിത്ത്, എ.എസ്.ഐ പ്രസാദ് പുല്ലൂർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗോകുൽ ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫീസർ ശ്രീനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow