കുമ്പള കളത്തൂരിൽ വീട്ടമ്മ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കുമ്പള: കുമ്പള കളത്തൂരിൽ തനിച്ചു താമസിച്ചിരുന്ന വീട്ടമ്മ മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കളത്തൂർ അമേരിക്ക റോഡിലെ അബൂബക്കറിന്റെ ഭാര്യ ആമിന(70)യെ കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. സിമന്റ് ഷീറ്റിട്ട ചെറിയ വീട്ടിലായിരുന്നു ആമിന താമസിച്ചിരുന്നത്. വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയിൽ വീട്ടിനകത്ത് കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. വസ്ത്രങ്ങൾ സ്ഥാനം തെറ്റിയ നിലയിൽ കാണപ്പെട്ടതും, വീടിന്റെ മുൻഭാഗത്തെയും, പിൻഭാഗത്തെയും വാതിൽ തുറന്നിട്ട നിലയിൽ കാണപ്പെട്ടതും സംശയത്തിന് ഇടയാക്കിയിരുന്നു, മരണവെപ്രാളത്തിനിടയിലായിരിക്കും വസ്ത്രങ്ങൾ സ്ഥാനം തെറ്റിയതെന്ന് സംശയിക്കുന്നതായി കുമ്പള പോലീസ് പറഞ്ഞു. ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം കുമ്പോൽ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.
What's Your Reaction?