കുവൈറ്റിലെ മദ്യ ദുരന്തം; മരണം 13 ആയി. മരിച്ചവരിൽ 6 മലയാളികളെന്ന് സംശയം.

Aug 13, 2025 - 22:37
 0
കുവൈറ്റിലെ മദ്യ ദുരന്തം; മരണം 13 ആയി. മരിച്ചവരിൽ 6 മലയാളികളെന്ന് സംശയം.

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രാദേശികമായി നിർമ്മിച്ച വ്യാജമദ്യം കഴിച്ച് 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെഥനോൾ കലർന്ന പാനീയം കഴിച്ചതിനെ തുടർന്ന് ശനിയാഴ്ച മുതൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ 63 പേരിൽ 13 പേരാണ് മരിച്ചത്. മരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് സ്ഥിരീകരിച്ചു. ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ്. 31 പേർക്ക് സിപിആർ നൽകി. 51 അടിയന്തര ഡയാലിസിസിന് വിധേയരാക്കി. 21 പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായും ആരോഗ്യ വിഭാഗം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഈ വിഷയത്തിൽ പ്രാദേശിക ആശുപത്രികളും, സുരക്ഷാ വകുപ്പുകളും തമ്മിൽ ഏകോപനം തുടരുന്നു. ഫർവാനിയ, അദാൻ ആശുപത്രികളിൽ നിരവധി പ്രവാസികളെ വ്യാജമദ്യം കഴിച്ചതിനെ തുടർന്ന് പ്രവേശിപ്പിച്ചു. മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാൽ മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല. അതേസമയം മരിച്ചവരിൽ 6 മലയാളികളും, 2 വീതം ആന്ധ്ര, തമിഴ് നാട് സ്വദേശികളും ഒരാൾ ഉത്തര് പ്രദേശ് സ്വദേശിയുമാണെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. വിഷമദ്യ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ നമ്പർ സ്ഥാപിച്ചിട്ടുണ്ട്. മരണമടഞ്ഞവരുടെയും, പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് എംബസിയുമായി +965-65501587 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് എംബസി പുറത്തിറക്കിയ ഇന്ത്യൻ വാർത്താ കുറിപ്പിൽ അറിയിച്ചു. സംഭവം എംബസിയുടെ ശ്രദ്ധയിൽപ്പെട്ടയുടനെ, ഇന്ത്യൻ സ്ഥാനപതിയും, ഉദ്യോഗസ്ഥരും ബന്ധപ്പെട്ട സർക്കാർ ആശുപത്രികൾ സന്ദർശിച്ച് ഇന്ത്യൻ രോഗികളുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചിരുന്നു. ചികിത്സയ്ക്കായി ആരോഗ്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും എംബസി വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow