കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ഉദുമ സ്വദേശി മരിച്ചു
ഉദുമ: കൊച്ചിയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഉദുമ സ്വദേശി മരിച്ചു. മയിലാട്ടി ബട്ട്യംകോട്ട് വീട്ടിൽ സി.എൻ. നാരായണൻ നായരുടെ മകൻ സുനിൽകുമാർ വള്ളിയോടൻ (47) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി കച്ചേരിപ്പടി ജംഗ്ഷനും നോർത്ത് മേൽപ്പാലത്തിനും ഇടയിൽ ബാങ്ക് ഓഫ് ബറോഡയ്ക്ക് സമീപത്തായിരുന്നു അപകടം. അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസ് സുനിൽകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനടിയിലേക്ക് വീണ സുനിൽകുമാറിന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങിയതായി പൊലീസ് അറിയിച്ചു.
ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് പിന്നാലെ ബസ് ജീവനക്കാർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.
ഓൺലൈൻ ഭക്ഷ്യവിതരണ സ്ഥാപനത്തിലെ ജീവനക്കാരനായ സുനിൽകുമാർ എറണാകുളം കവിത തിയേറ്ററിന് സമീപത്തെ ലോഡ്ജിലായിരുന്നു താമസം. ഒരു മാസം മുമ്പാണ് ജോലിക്കായി കൊച്ചിയിലെത്തിയത്.
മൃതദേഹം എറണാകുളം ലിസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. വെള്ളിയാഴ്ച വൈകിട്ടോടെ മൃതദേഹം ഉദുമയിലെ വീട്ടിലെത്തിക്കും. ഭാര്യ: രേഷ്മ.
What's Your Reaction?