ഖബറിനരികിലെ കണ്ണുനീര്‍; മതങ്ങള്‍ക്കപ്പുറം ജീവിക്കുന്ന ഒരു സൗഹൃദത്തിന്റെ കഥ

Jul 27, 2026 - 09:34
 0
ഖബറിനരികിലെ കണ്ണുനീര്‍; മതങ്ങള്‍ക്കപ്പുറം ജീവിക്കുന്ന ഒരു സൗഹൃദത്തിന്റെ കഥ

മൊഗ്രാല്‍: "സൗഹൃദം മരണത്തില്‍ അവസാനിക്കില്ല" എന്ന് പറയാറുണ്ട്. ആ വാക്കുകള്‍ക്ക് ജീവനുള്ള തെളിവായി മാറുകയാണ് മൊഗ്രാലിലെ ചളിയങ്കോട് റേഷന്‍ കട നടത്തുന്ന കൃഷ്ണന്‍ പെര്‍വാഡ്.

കാസര്‍കോട്ടെ പ്രമുഖ വസ്ത്ര വ്യാപാരിയായിരുന്ന മൊഗ്രാല്‍ മഹമൂദ് ബ്രാന്‍ഡുമായി കൃഷ്ണന്‍ പങ്കുവെച്ചത് സാധാരണ സൗഹൃദമായിരുന്നില്ല. ജാതിയുടെയും മതത്തിന്റെയും അതിരുകള്‍ മറികടന്ന് ഹൃദയങ്ങള്‍ തമ്മില്‍ പിറന്ന ആത്മബന്ധമായിരുന്നു അത്. നാട്ടുകാര്‍ പറയുന്ന ഭാഷയില്‍ പറഞ്ഞാല്‍, ഇരുവരും "ചങ്കുകള്‍" ആയിരുന്നു.

രണ്ടര വര്‍ഷം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മഹമൂദ് വിടപറഞ്ഞ ദിവസം മൊഗ്രാല്‍ നൊമ്പരത്തിലായി. എന്നാല്‍ ആ വേദന ഏറ്റവും ആഴത്തില്‍ തൊട്ടത് കൃഷ്ണന്റെ മനസ്സിനെയായിരുന്നു. മരണവാര്‍ത്ത കേട്ട നിമിഷം മുതല്‍ അദ്ദേഹം തകര്‍ന്നു. ഒരാഴ്ചയോളം ഭക്ഷണം പോലും കഴിക്കാതെ കണ്ണീരില്‍ ദുഃഖം തീര്‍ക്കുകയായിരുന്നു. ആശ്വസിപ്പിക്കാനെത്തിയ സുഹൃത്തുക്കള്‍ക്ക് പോലും വാക്കുകള്‍ നഷ്ടമായി. കൃഷ്ണന്റെ വേദന കണ്ടവര്‍ക്കും കണ്ണുകള്‍ നിറഞ്ഞു.

കാലം രണ്ടര വര്‍ഷം പിന്നിട്ടിട്ടും കൃഷ്ണന്റെ മനസ്സില്‍ നിന്ന് മഹമൂദ് മാഞ്ഞിട്ടില്ല. ഇന്നും സുഹൃത്ത് തന്റെ കൂടെയുണ്ടെന്ന വിശ്വാസമാണ് അദ്ദേഹത്തെ ഓരോ ദിവസവും മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിലെ ഖബറിനരികിലെത്തിക്കുന്നത്.

അവിടെ നിശ്ശബ്ദമായി നില്‍ക്കുന്ന കൃഷ്ണന്റെ കണ്ണുകള്‍ പലപ്പോഴും നിറയും. സുഹൃത്തിന്റെ ഓര്‍മയില്‍ അഗര്‍ബത്തി കത്തിക്കും. ഖബറിനരികില്‍ പൂച്ചെടികള്‍ നട്ടുപിടിപ്പിക്കും. പരിസരം വൃത്തിയാക്കി സൂക്ഷിക്കും. ഒരു രക്തബന്ധവും ഇല്ലാത്ത മനുഷ്യന്‍ ഇത്രയും കരുതലോടെ മറ്റൊരാളുടെ ഓര്‍മയെ കാത്തുസൂക്ഷിക്കുന്ന കാഴ്ച നാട്ടുകാരുടെ ഹൃദയത്തെയും സ്പര്‍ശിക്കുന്നു.

മതങ്ങള്‍ മനുഷ്യരെ വേര്‍തിരിക്കുമെന്ന ധാരണകള്‍ക്കിടയില്‍, കൃഷ്ണനും മഹമൂദും ചേര്‍ന്ന് എഴുതിയ സൗഹൃദം മറ്റൊരു സന്ദേശമാണ് നല്‍കുന്നത്. യഥാര്‍ഥ സൗഹൃദത്തിന് ജാതിയില്ല, മതമില്ല, അതിരുകളില്ല. അത് ഹൃദയത്തില്‍ ജനിക്കുന്നു, ഓര്‍മകളില്‍ ജീവിക്കുന്നു.

ഇന്ന് മഹമൂദ് ഈ ലോകത്തില്ല. പക്ഷേ, ഓരോ ദിവസവും ഖബറിനരികില്‍ എത്തുന്ന കൃഷ്ണന്റെ കണ്ണുനീര്‍ പറയുന്നത് ഒറ്റ കാര്യം മാത്രം—

"മരണം ശരീരത്തെ മാത്രമേ അകറ്റൂ... ഹൃദയത്തില്‍ ജീവിക്കുന്ന സൗഹൃദത്തെ ഒരിക്കലും മാറ്റില്ല."

What's Your Reaction?

like

dislike

love

funny

angry

sad

wow