ചരിത്രത്തെ കാവിവത്കരിക്കാനുള്ള നീക്കം അനുവദിക്കില്ല: എ.കെ.എം. അഷ്റഫ് എം എൽ എ

Aug 8, 2026 - 08:07
 0
ചരിത്രത്തെ കാവിവത്കരിക്കാനുള്ള നീക്കം അനുവദിക്കില്ല: എ.കെ.എം. അഷ്റഫ് എം എൽ എ

മഞ്ചേശ്വരം: ചരിത്രത്തെ കാവിവത്കരിക്കാനുള്ള സംഘപരിവാർ നീക്കം അനുവദിക്കില്ലെന്ന് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിൽ വർഗീയ അജണ്ട നടപ്പാക്കാനും ചരിത്രസത്യങ്ങളെ അട്ടിമറിക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരം, കുമ്പള ഉപജില്ലകളിലെ എൽ.പി. സ്കൂൾ വിദ്യാർഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലെ ഒരു ചോദ്യമാണ് വിവാദമായത്. “ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?” എന്ന ചോദ്യത്തിന് ഉത്തരമായി വി.ഡി. സവർക്കറുടെ പേര് നൽകിയതിനെതിരെയാണ് എം.എൽ.എ രംഗത്തെത്തിയത്.

സ്വാതന്ത്ര്യസമര ചരിത്രത്തെ തെറ്റായി അവതരിപ്പിച്ച് പിഞ്ചുകുട്ടികളുടെ മനസ്സിൽ തെറ്റായ ചരിത്രബോധം സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു. എൽ.പി. വിഭാഗത്തിലെ കുട്ടികൾക്കായി നടത്തുന്ന പരിപാടികളിൽ പോലും ഇത്തരം കാവിവത്കരണ നീക്കങ്ങൾ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യാവലി തയ്യാറാക്കിയവർക്കും അതിന് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കുമെതിരെ അടിയന്തര അന്വേഷണം നടത്തണം. തെറ്റായ ചരിത്രം പ്രചരിപ്പിക്കാൻ ശ്രമിച്ചവരിൽനിന്ന് വിശദീകരണം തേടി കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടതായി എ.കെ.എം. അഷ്റഫ് അറിയിച്ചു.

പൊതുവിദ്യാഭ്യാസ മേഖലയിലെ മതേതരത്വവും ചരിത്രസത്യങ്ങളും സംരക്ഷിക്കാൻ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow