നീലേശ്വരം താലൂക്കാശുപത്രി; ശിലാസ്ഥാപനം നടത്തി
നീലേശ്വരം: ആധുനിക രീതിയിൽ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ നിർമ്മിക്കുന്ന പുതിയ ബ്ലോക്ക് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. എം രാജഗോപാലൻ എം എൽ എ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി, നഗരസഭാ വൈസ് ചെയർമാൻ പി എം സന്ധ്യ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ വി സുരേന്ദ്രൻ, കൗൺസിലർമാരായ ഇ അനീഷ്, പി വി സതീശൻ, കാസർകോട് ഡെ: ഡി എം ഒ ഡോ: കെ സന്തോഷ്, രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി ജി ഗംഗാധരൻ മാസ്റ്റർ, രമേശൻ കാര്യങ്കോട്, അഡ്വ: കെ പി നസീർ, പി മൊഹിയുദ്ദീൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, രാജീവൻ പുതുക്കുളം, കെ വി ചന്ദ്രൻ, എം ജെ ജോയ്, പ്രസ്ഫോറം പ്രസിഡൻ്റ് സേതു ബങ്കളം എന്നിവർ സംസാരിച്ചു. ഹോസ്പിറ്റൽ സൂപ്രണ്ട് സോനു ബി നായർ നന്ദി പറഞ്ഞു. കിഫ്ബിയിൽ നിന്ന് 13 കോടി രൂപ വകയിരുത്തി 3 നിലകളിലായി ആധുനിക സൗകര്യങ്ങളോട് കൂടിയാണ് കെട്ടിട സമുഛയം യാഥാർത്ഥ്യമാവുക. താഴത്തെ നിലയിൽ കാഷ്യാലിറ്റി, പ്ലാസ്റ്റർ റൂം, പരിശോധന മുറി, ഫാർമസി, ഫാർമസി സ്റ്റോർ, ഇസിജി, നെബുലൈസേഷൻ റൂം, നഴ്സ് റൂം എന്നിവയും ഒന്നാം നിലയിൽ മൈനർ ഓപ്പറേഷൻ തിയേറ്റർ, അനസ്തേഷ്യ, സ്റ്റാഫ് റൂം ഡോക്ടേഴ്സ് ലോഞ്ച്, വിശ്രമമുറി, നഴ്സ് സ്റ്റേഷൻ എന്നിവയും രണ്ടാം നിലയിൽ വെയിറ്റിങ്ങ് ഏരിയ, ദന്തൽ, ജനറൽ മെഡിസിൻ, സൈക്കാട്രി, ഗൈനക്കോളജി, ഇ എൻ ടി, സർജറി, പീഡിയാട്രിക് എന്നീ വിഭാഗങ്ങളുടെ കൺസൾട്ടേഷൻ മുറികളും ലാബ് സാമ്പിൾ കളക്ഷൻ റൂം, നഴ്സിംഗ് സ്റ്റേഷൻ എന്നിവയുമാണ് ഉണ്ടാവുക. പദ്ധതി പൂർത്തിയാകുന്നതോട് കൂടി ജില്ലയിലെ തന്നെ മികച്ച ആധുനിക സൗകര്യങ്ങളോട് കൂടിയ ആശുപത്രിയായി നീലേശ്വരം താലൂക്ക് ആശുപത്രി മാറും.
What's Your Reaction?