നീലേശ്വരത്തിന്റെ സമഗ്ര വികസനത്തിന് ‘ഫോക്കസ്’

Aug 8, 2026 - 17:34
 0
നീലേശ്വരത്തിന്റെ സമഗ്ര വികസനത്തിന് ‘ഫോക്കസ്’

നീലേശ്വരം: കലാ-സാംസ്കാരിക, കായിക, ആരോഗ്യ മേഖലകൾ ഉൾപ്പെടെ നീലേശ്വരത്തിന്റെ സമഗ്ര വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് ‘ഫോക്കസ്’ എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ചു. സഹോദരത്വം, സംസ്കാരം, ഐക്യം, സുസ്ഥിര വികസനം എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ.

കാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ-വിനോദ പരിപാടികൾ, നാടക ശിൽപ്പശാലകൾ, നാടൻ കലകളുടെ പ്രോത്സാഹനം, സിനിമ ക്യാമ്പുകൾ, നൈപുണ്യ വികസനം, തൊഴിൽ മേളകൾ, കരിയർ ഗൈഡൻസ്, സാങ്കേതിക-വൈജ്ഞാനിക പരിപാടികൾ, പരിസ്ഥിതി അവബോധം, വിഷരഹിത പച്ചക്കറി കൃഷി, നാടൻ ഫലങ്ങളിൽ നിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണം, ആതുരസേവന മേഖലയിലെ ഇടപെടൽ, സംവാദ സദസ്സുകൾ തുടങ്ങിയ പ്രവർത്തനങ്ങളിലാണ് ഫോക്കസ് പ്രധാനമായും കേന്ദ്രീകരിക്കുക.

സൗഹൃദ ചീരത്തണ്ട് നൽകി പ്രാദേശിക കൃഷിശാസ്ത്രജ്ഞൻ പി.വി. ദിവാകരൻ സംഘടന ഉദ്ഘാടനം ചെയ്തു.

ഫോക്കസിന്റെ സാംസ്കാരിക വേദിയുടെ ഔപചാരിക ഉദ്ഘാടനവും ഗായിക എസ്. ജാനകിയമ്മ അനുസ്മരണവും ആഗസ്റ്റ് ഒമ്പതിന് ഞായറാഴ്ച വൈകിട്ട് അഞ്ചിന് നീലേശ്വരം മാർക്കറ്റ് സ്ക്വയറിലെ മാർക്കറ്റ് ലോഞ്ചിൽ കവി, പ്രഭാഷകൻ, എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിക്കും. നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫി മുഖ്യാതിഥിയാകും.

തുടർന്ന് ജാനകിയമ്മയുടെ അനശ്വര ഗാനങ്ങളുമായി പ്രശസ്ത ഗായകർ അണിനിരക്കുന്ന ‘മാനസ മണിവീണ’ സംഗീത സദസ്സും അരങ്ങേറും. അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ടവർക്കും മാത്രമായിരിക്കും പ്രവേശനം.

ഡോ. വി. സുരേശൻ, ഡോ. എൻ.പി. വിജയൻ, കെ. പ്രഭാകരൻ, ബിന്ദു മരങ്ങാട്, ഉണ്ണികൃഷ്ണൻ, പി.യു. ചന്ദ്രശേഖരൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow