പി.എൻ. പണിക്കർ അനുസ്മരണവും ‘ചേയായ’ പുസ്തക ചർച്ചയും ശ്രദ്ധേയമായി
അമ്പലത്തറ: വായനാപക്ഷാചരണത്തിന്റെ ഭാഗമായി അമ്പലത്തറ കേശവ്ജി സ്മാരക പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ അനുസ്മരണവും ‘ചേയായ’ നോവലിനെ ആസ്പദമാക്കിയ പുസ്തക ചർച്ചയും സംഘടിപ്പിച്ചു.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ശ്രദ്ധേയനായ സ്വാമി ആനന്ദതീർത്ഥരുടെ ജീവിതം പ്രമേയമാക്കിയ ‘ചേയായ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചർച്ച നടന്നത്. പുസ്തകം പരിചയപ്പെടുത്തിയ വി. സുരേഷ്കുമാർ, സാമൂഹിക നീതിക്കും മനുഷ്യസമത്വത്തിനുമായി ജീവിതം സമർപ്പിച്ച സ്വാമി ആനന്ദതീർത്ഥർ, ഡോ. ബി.ആർ. അംബേദ്കറിനൊപ്പം ആദരിക്കപ്പെടേണ്ട മഹത്തായ വ്യക്തിത്വമാണെന്ന് അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് സുനിൽ പട്ടേന നിർവഹിച്ചു. നോവലിസ്റ്റ് ആർ. ഉണ്ണിമാധവൻ ‘ചേയായ’യുടെ രചനാപശ്ചാത്തലവും എഴുത്തനുഭവങ്ങളും സദസുമായി പങ്കുവെച്ചു.
എം.കെ. ഗോപകുമാർ, എം. അനിൽകുമാർ, സുരു കൊമ്പിച്ചടുക്കം, സനൂഷ് മനിയേരി, രാജേഷ് നർക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ അവതരിപ്പിച്ചു.
പരിപാടിയിൽ ഗോപി മുളവന്നൂർ സ്വാഗതം ആശംസിക്കുകയും പി.വി. ജയരാജ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. വായനയുടെയും നവോത്ഥാന ചിന്തകളുടെയും പ്രാധാന്യം ഉയർത്തിക്കാട്ടിയ പരിപാടി ശ്രദ്ധേയമായി.
What's Your Reaction?