പൈവളിഗെ കയ്യാറിൽ വീട്ടിൽ കവർച്ച; 10 പവൻ സ്വർണാഭരണങ്ങൾ കവർന്നു
കുമ്പള: പൈവളിഗെ പഞ്ചായത്തിലെ കയ്യാറിൽ വീട്ടിൽ വൻ കവർച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
പാലക്കാട്ടെ ഹോട്ടൽ വ്യാപാരിയായ യൂസഫിന്റെ വീട്ടിലാണ് ഞായറാഴ് രാത്രി 7.30നും 8.30നും ഇടയിൽ കവർച്ച നടന്നത്. യൂസഫിന്റെ ഭാര്യ മൈമൂനയും മൂന്ന് മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ വൈകിട്ട് 7.30ഓടെ കയ്യാർ പള്ളിയിൽ സ്വലാത്ത് ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു.
രാത്രി 8.30ഓടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ കിടപ്പുമുറിയിലെ അലമാരകൾ തുറന്നുകിടക്കുന്നതാണ് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണാഭരണങ്ങൾ നഷ്ടമായതായി കണ്ടെത്തിയത്.
ടെറസിലൂടെ വീടിന്റെ മുകളിലെത്തി ഏണി റൂമിന്റെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നതെന്നാണ് പ്രാഥമിക വിവരം. മുറിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് അലമാര തുറന്നതെന്നും കരുതുന്നു.
വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.
What's Your Reaction?