പ്രതിസന്ധിയെ കരുത്താക്കി; പവർലിഫ്റ്റിംഗിൽ സ്വർണം നേടി ലീന മോഹൻ

Jul 21, 2026 - 09:39
 0
പ്രതിസന്ധിയെ കരുത്താക്കി; പവർലിഫ്റ്റിംഗിൽ സ്വർണം നേടി ലീന മോഹൻ

വെള്ളരിക്കുണ്ട്: ജീവിതത്തിൽ ചില പ്രതിസന്ധികൾ തളർത്താനല്ല, ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്താനാണെന്ന് തെളിയിക്കുകയാണ് ഭീമനടി കുറുഞ്ചേരി സ്വദേശിനി ലീന മോഹൻ. ഒരുകാലത്ത് കൈകളിലെ മരവിപ്പ് കാരണം ദൈനംദിന ജോലികൾ പോലും ചെയ്യാൻ പ്രയാസപ്പെട്ടിരുന്ന ലീന ഇന്ന് സംസ്ഥാന സീനിയർ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്.

പ്രസന്ന കുമാരിയുടെയും ബാലചന്ദ്രൻ നായരുടെയും മകളായ ലീനയ്ക്ക് വർഷങ്ങൾക്കുമുമ്പ് കൈകളിൽ അനുഭവപ്പെട്ട മരവിപ്പ് സാധാരണ ജീവിതത്തെ തന്നെ ബാധിച്ചിരുന്നു. ടൂവീലർ ഓടിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന ലീന, ചികിത്സയ്ക്കൊപ്പം ശാരീരികക്ഷമത വീണ്ടെടുക്കാൻ വെള്ളരിക്കുണ്ടിലെ ജിമ്മിൽ പരിശീലനം ആരംഭിച്ചു. ജിം പരിശീലകൻ ഷിജുവിന്റെ കൃത്യമായ മാർഗനിർദേശവും സ്വന്തം നിശ്ചയദാർഢ്യവും ചേർന്നപ്പോൾ കൈകളുടെ കരുത്ത് പതിയെ തിരിച്ചുകിട്ടി.

അതിനിടെയാണ് ജിമ്മിൽ പവർലിഫ്റ്റിംഗ് പരിശീലനം നടത്തുന്ന ഒരു യുവതിയെ കണ്ടത്. ആ കായിക ഇനത്തോട് തോന്നിയ കൗതുകം പിന്നീട് ആവേശമായി മാറി. പരിശീലനം ആരംഭിച്ച ലീന ചുരുങ്ങിയ കാലംകൊണ്ട് തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച് മത്സരരംഗത്ത് ശ്രദ്ധേയയായി.

തിരുവനന്തപുരം വേദിയായ ഓൾ കേരള ക്ലാസിക് മെൻ ആൻഡ് വുമൺ സംസ്ഥാന സീനിയർ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 280 കിലോഗ്രാമിലധികം ആകെ ഭാരം ഉയർത്തിയാണ് ലീന സ്വർണമെഡൽ സ്വന്തമാക്കിയത്. ഈ നേട്ടം കാസർകോട് ജില്ലയ്ക്കും മലയോര മേഖലയ്ക്കും അഭിമാന നിമിഷമായി.

ഒരു വീട്ടമ്മയിൽ നിന്ന് സംസ്ഥാന ചാമ്പ്യനിലേക്കുള്ള ലീനയുടെ യാത്ര കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ്. ഭർത്താവ് യു. മോഹനും മക്കളായ ശിവ പ്രസാദും ശ്രേയസും കുടുംബത്തിന്റെ ഉറച്ച പിന്തുണയായി ഒപ്പമുണ്ടായിരുന്നു.

കൈകളിലെ മരവിപ്പിൽ നിന്ന് സ്വർണമെഡലിലേക്കുള്ള ലീന മോഹന്റെ യാത്ര, ജീവിതത്തിലെ പ്രതിസന്ധികളെ മനക്കരുത്തുകൊണ്ട് തോൽപ്പിക്കാൻ കഴിയുമെന്ന് തെളിയിക്കുന്ന പ്രചോദനാത്മകമായ വിജയഗാഥയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow