മടിക്കൈയുടെ അഭിമാനമായി അക്ഷയും, അജയും

ഒരേ വീട്ടിൽ നിന്നുള്ള സഹോദരങ്ങളുടെ സബ് ഇൻസ്പെക്ടർ പദവി ഒരു ഗ്രാമത്തിലാകെ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്

May 6, 2026 - 08:42
 0
മടിക്കൈയുടെ അഭിമാനമായി അക്ഷയും, അജയും

മടിക്കൈ: മടിക്കൈ പൂത്തക്കാലിൽ അഭിമാനത്തിന്റെയും ആഹ്ലാദത്തിന്റെയും ഇരട്ട വിളക്കുകൾ തെളിഞ്ഞിരിക്കുകയാണ്. ഒരേ വീട്ടിൽ നിന്നുള്ള സഹോദരങ്ങൾ ഒരുമിച്ച് സബ് ഇൻസ്പെക്ടർ പദവിയിലെത്തിയ സംഭവം ഗ്രാമത്തിന് ഉത്സവാന്തരീക്ഷം സമ്മാനിച്ചു. ഇല്ലത്തു വളപ്പിൽ വി. തമ്പാൻ-വി. ചന്ദ്രമതി ദമ്പതികളുടെ മക്കളായ ടി.സി. അക്ഷയ്, ടി.സി. അജയ് എന്നിവർ ഇന്ന് നാടിന്റെ പോലീസ് കാവലായും, അഭിമാനത്തിന്റെ പ്രതീകങ്ങളായും ഉയർന്നിരിക്കുകയാണ്.

അക്ഷയ് കാസർകോട് ഡിവിഷനിലും, അജയ് ബേക്കൽ ഡിവിഷനിലുമാണ് നിലവിൽ സേവനമനുഷ്ഠിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഇരുവരും നിയമിതരായിട്ടുള്ളത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുടെ ഭാഗമായി സ്വന്തം ജില്ലയിൽ സേവനം നിർവഹിക്കുന്ന ഇവർ, ഉത്തരവാദിത്തത്തോടും പ്രതിബദ്ധതയോടും കൂടി ജോലി നിർവഹിക്കുന്നതിൽ നാട്ടുകാരുടെ പ്രശംസ നേടുകയാണ്.

2025 ഏപ്രിൽ 3-നാണ് ഇരുവരും പരിശീലനത്തിന് പ്രവേശിച്ചത്. തൃശ്ശൂർ പൊലീസ് അക്കാദമിയിലെ 32-ാം ബാച്ചിൽ 46 പുരുഷന്മാരും 14 വനിതകളുമടങ്ങിയ 60 പേർ പരിശീലനം പൂർത്തിയാക്കി പാസ്സിങ്ങ് ഔട്ട് നടത്തി. ആ നിരയിൽ മടിക്കൈയുടെ അഭിമാനമായി ഈ സഹോദരങ്ങൾ കൂടി നിറഞ്ഞുനിന്നു.

പൂത്തക്കാൽ ജി.യു.പി സ്കൂളിലും അമ്പലത്തുകര ജി.എച്ച്.എസ്.എസ്സിലും നിന്നാണ് ഇരുവരുടെയും പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് അക്ഷയ് കൊല്ലത്തെ ടി.കെ.എം എൻജിനീയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിലും, അജയ് കണ്ണൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗിലും ബി.ടെക് നേടി.

പഠനത്തിൽ മികവ് പുലർത്തിയ അക്ഷയ് സി.ഐ.എസ്.എഫിലും വനം വകുപ്പിലും സേവനം അനുഷ്ഠിച്ച പരിചയസമ്പത്തുള്ളവനാണ്. അജയ് രണ്ടുവർഷത്തോളം സിവിൽ എക്സൈസ് ഓഫീസറായി സേവനം ചെയ്തു. ഈ അനുഭവങ്ങളാണ് ഇവരെ മികച്ച പോലീസ് ഉദ്യോഗസ്ഥരാക്കാൻ സഹായിച്ചത്.

പിതാവ് വി. തമ്പാൻ ഏച്ചിക്കാനം പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്ററും, മാതാവ് വി. ചന്ദ്രമതി എൽ.ഐ.സി ഏജന്റുമാണ്. മക്കളുടെ നേട്ടത്തിൽ കുടുംബവും നാടും ഒരുപോലെ അഭിമാനം കൊള്ളുന്നു.

സുരക്ഷയുടെ കാവലായി നിൽക്കുന്ന ഈ സഹോദരങ്ങൾ ഇനി മടിക്കൈയുടെ മാത്രമല്ല, സമൂഹത്തിന്റെ വിശ്വാസവും പ്രതീക്ഷയും ചുമക്കുന്ന ശക്തികളായി മാറിയിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow