“മധുരം നിറഞ്ഞ മാമ്പഴോത്സവം: ‘മധുരം 2026’ന് വർണാഭമായ തുടക്കം
കാഞ്ഞങ്ങാട്: പടന്നക്കാട് കാർഷിക കോളേജിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സംഘടിപ്പിച്ച “മലബാർ മാംഗോ ഫെസ്റ്റ് – മധുരം 2026” വർണാഭമായ തുടക്കമായി. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മേള ഉദ്ഘാടനം ചെയ്തു. “യുദ്ധത്തിന്റെ കൈപ്പല്ല, മാമ്പഴത്തിന്റെ മധുരം പടരട്ടെ” എന്ന ആശയവുമായി ഇത്തവണത്തെ മേള ശ്രദ്ധേയമാകുന്നു.
പ്രവർത്തിദിവസമായിട്ടും വലിയ ജനക്കൂട്ടം മേളയിലേക്ക് ഒഴുകിയെത്തി. മാമ്പഴ പ്രേമികൾക്ക് നിറഞ്ഞുനിൽക്കുന്ന ഈ മേളയിൽ മല്ലിക, റൊമാനി, നീലം, മൂവാണ്ടൻ, ഹിമപസന്ത്, അൽഫോൺസോ എന്നിവയുൾപ്പെടെ നിരവധി ഇനങ്ങൾക്കാണ് വൻ ആവശ്യകത. തൊത്തപ്പൂരി, നടശാല, മാണിക്യം, പഞ്ചവർണ്ണം, കേസർ, മൽഗോവ, ബംഗനപ്പള്ളി, സിന്ദൂരം തുടങ്ങിയവയും വിൽപ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്.
മാമ്പഴ വിൽപ്പനയ്ക്ക് പുറമേ കാർഷിക രംഗത്തെ പുതുമകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും മേളയുടെ ഭാഗമാണ്. ടിഷ്യു കൾച്ചർ തൈകൾ, വാഴ കൃഷിയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ, ജൈവ നിയന്ത്രണ ഉപാധികളായ സ്യൂഡോമോണാസ്, ട്രൈക്കോഡെർമ എന്നിവയും ലഭ്യമാണ്. വിത്തുകൾ, തൈകൾ, നടീൽ വസ്തുക്കൾക്കൊപ്പം അഭിയൂ, റമ്പൂട്ടൻ, ഡ്രാഗൺ ഫ്രൂട്ട്, മാങ്കോസ്റ്റീൻ തുടങ്ങിയ എക്സോട്ടിക് ഫല തൈകളും വിൽപ്പനയ്‌ക്കുണ്ട്.
വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ ഇടപെടലുകൾ മേളയ്ക്ക് വേറിട്ട നിറം പകരുന്നു. മാംഗോ സാഗോ, മാംഗോ മസ്താനി പോലുള്ള ശീതള പാനീയങ്ങൾക്കൊപ്പം മോമോസ്, പാനിപൂരി തുടങ്ങിയ വിഭവങ്ങളും ശ്രദ്ധ നേടുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഗെയിം സെക്ഷനും ഒരുക്കിയിട്ടുണ്ട്.
അവസാന വർഷ ബിരുദ വിദ്യാർത്ഥികളുടെ ഇ.എൽ.പി സ്റ്റാളുകളും മേളയുടെ പ്രധാന ആകർഷണമാണ്. നാളികേര മിഷന്റെ ആഭിമുഖ്യത്തിൽ നീരും അതിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാണ്.
കൃഷിയുടെയും രുചിയുടെയും നവോത്ഥാനത്തിന്റെയും മനോഹര സംഗമമായി മാറിയ “മധുരം 2026” മേള, ജനങ്ങളുടെ ആവേശകരമായ പങ്കാളിത്തത്തോടെ ശ്രദ്ധ നേടുന്നു.
What's Your Reaction?