മാതാവ് ഉപേക്ഷിച്ച നാല് കുട്ടികൾക്ക് കരുതലായി നീലേശ്വരം ജനമൈത്രി പോലീസ്

Mar 30, 2026 - 16:57
 0
മാതാവ് ഉപേക്ഷിച്ച നാല് കുട്ടികൾക്ക് കരുതലായി നീലേശ്വരം ജനമൈത്രി പോലീസ്

നീലേശ്വരം: മാതാവ് ഉപേക്ഷിച്ച് പോയതിനെ തുടർന്ന് വാടക ക്വാർട്ടേഴ്സിൽ ദുരിതജീവിതത്തിലായ നാല് കുട്ടികൾക്ക് കരുതലിന്റെ കൈത്താങ്ങായി നീലേശ്വരം ജനമൈത്രി പോലീസ് മുന്നോട്ട് വന്നു. കർണാടകയിലെ മൈസൂർ ഹുൻസൂർ അർണാലി സ്വദേശിനിയും ചായ്യോത്ത് വാടക ക്വാർട്ടേഴ്സിൽ താമസക്കാരിയുമായ ശാന്ത(36)യെ കഴിഞ്ഞ 19 മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

അന്വേഷണത്തിന്റെ ഭാഗമായി ചായ്യോത്തെ ക്വാർട്ടേഴ്സിൽ എത്തിയപ്പോഴാണ് ഭക്ഷണം പോലും ലഭിക്കാതെ കഴിയുന്ന നാല് കുട്ടികളുടെ ദയനീയാവസ്ഥ പോലീസിന് മനസ്സിലായത്. മാതാവ് പോയതോടെ അഞ്ചിലും ഏഴിലും പഠിക്കുന്നവരുള്‍പ്പെടെനാല് കുട്ടികൾ പട്ടിണിയിലായിരുന്നു കഴിഞ്ഞിരുന്നത്. കുട്ടികളുടെ പിതാവ് മുമ്പ് മരണപ്പെട്ടതാണ്.

കുട്ടികളുടെ അവസ്ഥ നേരിൽ കണ്ട ജനമൈത്രി പോലീസ് ഉടൻ സഹായത്തിനിറങ്ങി. പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ജി ജിഷ്ണുവിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഒരു മാസത്തേക്ക് വേണ്ട ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെ എല്ലാ ആവശ്യസാധനങ്ങളും ക്വാർട്ടേഴ്സിൽ എത്തിച്ചു. കൂടാതെ ഒരു മാസത്തെ വാടകയും നൽകുമെന്ന് പോലീസ് അറിയിച്ചു.

എന്ത് സഹായത്തിനും പോലീസ് ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകിയും ബന്ധപ്പെട്ട ഫോൺ നമ്പർ കൈമാറിയും എസ് ഐ ജിഷ്ണുവും സംഘവും മടങ്ങി. പോലീസിന്റെ ഈ കരുതലിൽ കുട്ടികൾ വലിയ സന്തോഷം പ്രകടിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow